കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ വ്യാസൻ എടവനക്കാട്. സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദങ്ങളിൽ നിന്ന് ദിലീപിന്റെ ശബ്ദം താൻ തിരിച്ചറിഞ്ഞതായി വ്യാസൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന് ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉൾപ്പടെയുള്ളവരുടെ ചോദ്യം ചെയ്യലിനിടെ തന്നെ വിളിച്ചു വരുത്തിയത് പ്രതികളുടെ ശബ്ദരേഖ തിരിച്ചറിയാൻ വേണ്ടിയാണെന്ന് വ്യാസൻ എടവനക്കാട് പറഞ്ഞു. ദിലീപിനൊപ്പം മറ്റ് ചിലരുടെ ശബ്ദങ്ങൾ കൂടി അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
ദിലീപ് അടക്കമുള്ളവരെ തനിക്ക് അറിയാമായിരുന്നു. വർഷങ്ങളായി ഇവരുമായി ബന്ധമുണ്ട്. നെയ്യാറ്റിൻകര ബിഷപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ദിലീപിന്റെ മൊഴിക്ക് വിരുദ്ധമായാണ് വ്യാസൻ നൽകിയതെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചു എന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു.
ദിലീപ് അടക്കം അഞ്ച് പേരെയാണ് ക്രൈം ബ്രാഞ്ച് ഇപ്പോൾ ചോദ്യം ചെയ്യുന്നത്. പ്രതികളെ ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യൽ. ശാസ്ത്രീയ തെളിവുകൾ അനുസരിച്ചാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം പൂർത്തിയാക്കാൻ സമയം ഹൈക്കോടതി നീട്ടി നൽകി. 10 ദിവസം കൂടി അധികമായി കോടതി അനുവദിച്ചു. പുതിയ സാക്ഷികളുടെ വിസ്താരത്തിന് കൂടുതൽ ദിവസം അനുവദിക്കണമെന്ന സർക്കാർ അപേക്ഷയിലാണ് കോടതി ഉത്തരവ്. അഞ്ച് സാക്ഷികളിൽ മൂന്ന് പേരുടെ വിസ്താരം പൂർത്തിയാക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
പുതിയ അഞ്ച് സാക്ഷികളെ 10 ദിവസത്തിനുള്ളിൽ വിസ്തരിക്കണം എന്നായിരുന്നു കഴിഞ്ഞയാഴ്ച കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ ഇതിൽ ചില സാക്ഷികൾ കോവിഡ് ബാധിച്ച് ചികിൽസയിലാണെന്നും അതിനാൽ കൂടുതൽ സമയം വേണമെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടത്.
Most Read: കെ-റെയിലിന് എതിരായ കവിത; റഫീഖ് അഹമ്മദിനെ പിന്തുണച്ച് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ







































