കൊച്ചി: ബാറിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യാൻ പോലീസ്. സംഭവത്തിൽ ലക്ഷ്മി മേനോൻ ഉൾപ്പെട്ടതിന്റെ വീഡിയോ തെളിവുകളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. നടുറോഡിൽ കാർ തടഞ്ഞ് നടിയും സംഘവും പരാക്രമം കാട്ടിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
നടിക്കൊപ്പം കാറിൽ സുഹൃത്തുക്കളായ മിഥുൻ, അനീഷ് എന്നിവരും മറ്റൊരു പെൺസുഹൃത്തും ആണ് ഉണ്ടായിരുന്നത്. മിഥുനെയും അനീഷിനെയും എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലുവ സ്വദേശി അലിയാർ ഷാ സലീമാണ് തന്നെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന് പരാതി നൽകിയിരിക്കുന്നത്. സംഘത്തിൽ നടി ലക്ഷ്മിയും ഉണ്ടായിരുന്നെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
ഈ മാസം 24ന് രാത്രിയായിരുന്നു സംഭവം. കൊച്ചിയിലെ ബാനർജി റോഡിലുള്ള ബാറിൽ വെച്ചായിരുന്നു തർക്കവും കയ്യാങ്കളിയും ഉണ്ടായത്. ലക്ഷ്മി മേനോനും സുഹൃത്തുക്കളും ഒരു ഭാഗത്തും മറ്റൊരു സംഘം മറുഭാഗത്തുമുണ്ടായ തർക്കം പിന്നീട് റോഡിലേക്ക് നീങ്ങി. പരാതിക്കാരനും സുഹൃത്തുക്കളും ബാറിൽ നിന്നിറങ്ങി മടങ്ങിയതിന് പിന്നാലെ പ്രതികൾ ഇവരുടെ കാറിനെ പിന്തുടർന്നു.
രാത്രി 11.45ഓടെ നോർത്ത് റെയിൽവേ പാലത്തിന് മുകളിൽ വെച്ച് പ്രതികൾ കാർ തടഞ്ഞ് പരാതിക്കാരനെ കാറിൽ നിന്ന് വലിച്ചിറക്കി കൊണ്ടുപോയെന്ന് പരാതിയിൽ പറയുന്നു. കാറിൽ വെച്ച് മുഖത്തും ദേഹത്തുമെല്ലാം മർദ്ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും അലിയാർ ഷാ സലീം പറയുന്നു. ഇയാളെ പിന്നീട് ആലുവ പറവൂർ കവലയിൽ ഇറക്കിവിടുകയായിരുന്നു.
തിങ്കളാഴ്ച നോർത്ത് പോലീസ് സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. അതേസമയം, കേസെടുത്തതിന് പിന്നാലെ ലക്ഷ്മി മേനോൻ ഒളിവിൽ പോയെന്നാണ് വിവരം.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ