തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ തിരുവനന്തപുരം വിജിലൻസ് കോടതിയിലെ തുടർ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ആവശ്യമായ അനുമതി വാങ്ങാതെ പരാതിയിൽ നടപടി സ്വീകരിച്ച വിജിലൻസ് കോടതിയുടെ നടപടിക്രമങ്ങളിൽ പ്രഥമദൃഷ്‌ട്യാ വീഴ്‌ചയുണ്ടെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി നടപടി.
അതേസമയം, മേലുദ്യോഗസ്‌ഥൻ ഉൾപ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസ് ജൂനിയറായ ഉദ്യോഗസ്‌ഥനാണോ അന്വേഷിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. തനിക്ക് ക്ളീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട് തള്ളിയ വിജിലൻസ് കോടതി ഉത്തരവിനെതിരെ അജിത് കുമാർ സമർപ്പിച്ച ഹരജിയാണ് ഹെക്കോടതി മുമ്പാകെയുള്ളത്.
കേസിൽ അജിത് കുമാറിന്റെ കീഴുദ്യോഗസ്‌ഥൻ അന്വേഷണം നടത്തിയത് തെറ്റാണെന്നും, അന്വേഷണത്തിന് പ്രോസിക്യൂഷന്റെ അനുമതിയുണ്ടോ എന്നും കോടതി ഇന്നലെ ആരാഞ്ഞിരുന്നു. അഴിമതി നിരോധന നിയമപ്രകാരം ഉന്നത ഉദ്യോഗസ്‌ഥനെതിരെ അന്വേഷണം നടത്തണമെങ്കിൽ സർക്കാരിന്റെ അനുമതി ആവശ്യമാണ്.
ഇക്കാര്യം ഇന്നും കോടതി ചൂണ്ടിക്കാട്ടി. മജിസ്‌ട്രേറ്റ് കോടതി പരാതി സ്വീകരിച്ച് നടപടികളിലേക്ക് കടന്നത് നിയമപരമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട് എന്നാണ് കോടതി വ്യക്‌തമാക്കിയിരിക്കുന്നത്. ഇതിനായി ഇരുഭാഗത്തേയും വാദം വിശദമായി കേൾക്കാമെന്ന് കോടതി വ്യക്‌തമാക്കി. തുടർന്ന് വിജിലൻസ് കോടതിയുടെ തുടർ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി