തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിന് ക്ളീൻ ചിറ്റ് നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട് കോടതിയിൽ സമർപ്പിച്ചു. അന്വേഷണ റിപ്പോർട് ഇന്ന് ഹാജരാക്കണമെന്ന് പ്രത്യേക വിജിലൻസ് കോടതി കഴിഞ്ഞദിവസം അന്ത്യശാസനം നൽകിയിരുന്നു. കേസ് ഈ മാസം 27ന് പരിഗണിക്കും.
റിപ്പോർട് സർക്കാരിന് സമർപ്പിച്ചെന്ന് അന്വേഷണ ഉദ്യോഗസ്‌ഥൻ വ്യക്‌തമാക്കിയപ്പോൾ, കേസ് നിലനിൽക്കുന്നത് കോടതിയിലല്ലേ എന്നും റിപ്പോർട് ഇവിടയല്ലേ ഹാജരാക്കേണ്ടതെന്നും ജഡ്‌ജി എംവി രാജകുമാര കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് റിപ്പോർട് കോടതിയിൽ ഹാജരാക്കിയത്. റിപ്പോർട് പരിശോധിച്ച് കോടതി തുടർ നടപടികൾ സ്വീകരിക്കും.
അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഢംബര വീട് നിർമാണം, കുരുവൻകോണത്തെ ഫ്‌ളാറ്റ് വിൽപ്പന, മലപ്പുറം എസ്‌പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എഡിജിപിക്ക് അനുകൂലമായ റിപ്പോർട് അന്വേഷണ സംഘം സർക്കാരിന് സമർപ്പിച്ചത്. വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്‌പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
ഓഗസ്‌റ്റ് അവസാനം പത്തനംതിട്ട എസ്‌പിയായിരുന്ന എസ് സുജിത് ദാസുമായുള്ള ഫോൺ സംഭാഷണം പിവി അൻവർ പുറത്തുവിട്ടതോടെയാണ് എഡിജിപി എംആർ അജിത് കുമാറുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തുന്നത്. എന്നാൽ, എംആർ അജിത് കുമാറിനെതിരായ ഒരു ആരോപണത്തിലും കഴമ്പില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ