തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ പോലീസിലെ കായിക ചുമതലയിൽ നിന്ന് നീക്കി. ബോഡി ബിൽഡിങ് താരങ്ങളെ ആംഡ് ബറ്റാലിയൻ ഇൻസ്പെക്ടർമാരായി നിയമിക്കുന്നത് വിവാദമായതിന് പിന്നാലെയാണ് ചുമതലയിൽ മാറ്റം. അജിത് കുമാറിന് പകരം എഡിജിപി എസ് ശ്രീജിത്തിനാണ് പുതിയ ചുമതല.
ബോഡി ബിൽഡിങ് താരങ്ങൾക്ക് പുറമെ വോളിബോൾ താരത്തിനും പോലീസിൽ പിൻവാതിൽ നിയമനം നൽകാൻ നീക്കം നടന്നിരുന്നു. കണ്ണൂർ സ്വദേശിയെ സിവിൽ പോലീസ് ഉദ്യോഗസ്ഥനാക്കാനായിരുന്നു സമ്മർദ്ദം. ഇതിന് തയ്യാറാകാതിരുന്ന അജിത് കുമാർ ചുമതല മാറ്റാൻ ആവശ്യപ്പെട്ടിരുന്നു.
സർക്കാർ ഉത്തരവും സ്പോർട്സ് ക്വോട്ട നിയമന ചട്ടങ്ങളും ഡിജിപിയുടെ ശുപാർശയും അട്ടിമറിച്ച്, സർക്കാർ അംഗീകരിക്കാത്ത കായിക ഇനമായ ബോഡി ബിൽഡിങ്ങിലെ രണ്ട് താരങ്ങളെ പോലീസിൽ ആംഡ് ബറ്റാലിയൻ ഇൻസ്പെക്ടർമാരായി നിയമിക്കാൻ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനമാണ് വിവാദത്തിലായത്.
രാജ്യാന്തര ബോഡി ബിൽഡിങ് ബിൽഡിങ് ചാംപ്യൻഷിപ്പുകളിൽ വിജയം നേടിയ കണ്ണൂർ സ്വദേശി ഷിനു ചൊവ്വയെയും കൊച്ചി സ്വദേശി ചിത്തരേഷ് നടേശനെയും പോലീസിൽ ഗസറ്റഡ് റാങ്കിൽ നിയമിച്ചതാണ് വിവാദത്തിലായത്. ഫുട്ബോൾ താരങ്ങളായ അനസ് എടത്തൊടികയും റിനോ ആന്റോയും ഉൾപ്പടെ അംഗീകൃത കായിക ഇനങ്ങളിലെ രാജ്യാന്തര താരങ്ങളടക്കം സ്പോർട്സ് ക്വോട്ട വഴിയുള്ള സർക്കാർ ജോലിക്കായി വർഷങ്ങളായി കാത്തിരിക്കുമ്പോഴാണ് ഈ പിൻവാതിൽ നിയമനമെന്ന വിമർശനമാണ് ഉയരുന്നത്.
ഏഷ്യൻ ഗെയിംസിലെയും കോമൺവെൽത്ത് ഗെയിംസിലെയും മെഡൽ ജേതാവായ ഒളിമ്പ്യൻ എം ശ്രീശങ്കറിനെ പോലീസ് നിയമനത്തിന് പരിഗണിക്കണമെന്ന ഡിജിപിയുടെ ശുപാർശ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളിയ ആഭ്യന്തര വകുപ്പാണ് സ്പോർട്സ് ക്വോട്ട നിയമനത്തിന് പോലും പരിഗണിക്കാത്ത ഇനമായ ബോഡി ബിൽഡിങ്ങിലെ താരങ്ങൾക്ക് വളഞ്ഞ വഴിയിൽ നിയമനം നൽകിയത്.
ബോഡി ബിൽഡിങ് താരങ്ങളെ പോലീസിലെടുക്കാനാവില്ലെന്നും ഇൻസ്പെക്ടർമാരായി കായികതാരങ്ങളെ നിയമിക്കരുതെന്ന സർക്കാർ ഉത്തരവും ഇതിനായി അട്ടിമറിച്ചു. സർക്കാരിന്റെ സ്പോർട്സ് ക്വോട്ട നിയമനത്തിന് ബോഡി ബിൽഡിങ് പരിഗണിക്കാറില്ലെങ്കിലും രാജ്യാന്തര നേട്ടങ്ങളും കുടുംബ പശ്ചാത്തലവും പരിഗണിച്ച് പ്രത്യേക കേസായി പരിഗണിക്കാമെന്ന ന്യായത്തോടെയാണ് മന്ത്രിസഭാ തീരുമാനം.
ഇവരെ നിയമിക്കാൻ വ്യവസ്ഥയില്ലെന്നായിരുന്നു ആഭ്യന്തര വകുപ്പ് ആദ്യം നിലപാടെടുത്തത്. എന്നാൽ, മന്ത്രിസഭ നിർദ്ദേശിച്ചതോടെ പ്രത്യേക കേസായി പരിഗണിച്ച് നിലവിലെ ചട്ടങ്ങളിൽ ഇളവ് വരുത്തി നിയമന ഉത്തരവ് ആഭ്യന്തര സെക്രട്ടറി പുറത്തിറക്കി.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി