തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് ക്ളീൻ ചിറ്റ് നൽകാനൊരുങ്ങി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഢംബര വീട് നിർമാണം, കുരുവൻകോണത്തെ ഫ്‌ളാറ്റ് വിൽപ്പന, മലപ്പുറം എസ്‌പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എഡിജിപിക്ക് അനുകൂലമായ റിപ്പോർട് സമർപ്പിക്കാൻ വിജിലൻസ് ഒരുങ്ങുന്നത്.
അന്തിമറിപ്പോർട് രണ്ടാഴ്‌ചക്കകം സമർപ്പിക്കുമെന്നാണ് വിവരം. ഓഗസ്‌റ്റ് അവസാനം പത്തനംതിട്ട എസ്‌പിയായിരുന്ന എസ് സുജിത് ദാസുമായുള്ള ഫോൺ സംഭാഷണം പിവി അൻവർ പുറത്തുവിട്ടതോടെയാണ് എഡിജിപി എംആർ അജിത് കുമാറുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തുന്നത്.
എന്നാൽ, എംആർ അജിത് കുമാറിനെതിരായ ഒരു ആരോപണത്തിലും കഴമ്പില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. കവടിയാറിലെ ആഢംബര വീട് നിർമാണത്തിനായി എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്‌പ എടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ. എന്നാൽ, വീട് നിർമാണം യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കുറുവൻകോണത്ത് ഫ്‌ളാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടി വിലക്ക് മറിച്ചു വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയായില്ലെന്നാണ് കണ്ടെത്തൽ. 2009ലാണ് കോണ്ടൂർ ബിൽഡേഴ്‌സുമായി ഫ്‌ളാറ്റ് വാങ്ങാൻ 37 ലക്ഷം രൂപ കരാർ ഒപ്പിടുന്നത്. ഇതിനായി 25 ലക്ഷം രൂപ വായ്‌പയെടുത്തു. 2013ൽ കമ്പനി ഫ്‌ളാറ്റ് കൈമാറി. പക്ഷേ, സ്വന്തം പേരിലേക്ക് ഫ്‌ളാറ്റ് രജിസ്‌റ്റർ ചെയ്യാൻ വൈകിയെന്നാണ് കണ്ടെത്തൽ.
നാലുവർഷം താമസിച്ച ശേഷം 65 ലക്ഷം രൂപയ്‌ക്ക് ഫ്‌ളാറ്റ് വിൽക്കുന്നത് 2016ലാണ്. വിൽപ്പനക്ക് പത്ത് ദിവസം മൂന്നോ, നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സ്വന്തം പേരിലേക്ക് രജിസ്‌റ്റർ ചെയ്യുകയായിരുന്നു. എട്ടുവർഷം കൊണ്ടുണ്ടായ മൂല്യവർധനയാണ് വീടിന്റെ വിലയിൽ ഉണ്ടായത്. സർക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നുമാണ് വിജിലൻസ് കണ്ടെത്തൽ.
കസ്‌റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്‌പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിന് ലഭിച്ചു എന്നുമായിരുന്നു മറ്റൊരു ആരോപണം. എന്നാൽ, സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയതെന്നും കസ്‌റ്റംസ് ഉദ്യോഗസ്‌ഥരെ വരെ കേസുകളിൽ പ്രതി ചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
മലപ്പുറം എസ്‌പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിയിലും അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ വിജിലൻസിന് കണ്ടെത്താനായില്ല. അജിത് കുമാറിന് ഡിജിപി തസ്‌തികയിലേക്ക് സ്‌ഥാനക്കയറ്റം നൽകിയതിന്റെ വിവാദം തീരും മുൻപ് വരുന്ന വിജിലൻസിന്റെ ക്ളീൻ ചിറ്റ് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കും.
ഇപ്പോഴത്തെ പോലീസ് മേധാവി എസ് ദർവേഷ് സാഹിബ് 2025 ജൂലൈ ഒന്നിന് സർവീസിൽ നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് അജിത് കുമാറിന് സ്‌ഥാനക്കയറ്റം നൽകുക. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം ഉൾപ്പടെ നിരവധി അന്വേഷണങ്ങൾ നടക്കുന്നതിനിടെയാണ് അജിത് കുമാറിന് ഡിജിപി പദവിയിലേക്ക് സ്‌ഥാനക്കയറ്റം നൽകിയിരിക്കുതെന്ന ആക്ഷേപം ഉയർന്നിരുന്നു.
Most Read| കാൻസർ പ്രതിരോധ വാക്‌സിൻ വികസിപ്പിച്ച് റഷ്യ; ഉടൻ വിപണിയിൽ







































