പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ വൈദ്യുതിത്തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. ആലപ്പുഴ സ്വദേശി വിഷ്‌ണുദാസ് (31), ഷോളയൂർ സ്വദേശി റെജി മാത്യു (21) എന്നിവരെയാണ് അഗളി പോലീസ് പിടികൂടിയത്. ക്ഷീരസംഘങ്ങളിൽ നിന്ന് പാൽ ശേഖരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറും സഹായിയുമാണ് ഇവർ.
അഗളി ചിറ്റൂർ ഉന്നതിയിലെ സിജു (19) ആണ് ക്രൂരമർദ്ദനത്തിന് ഇരയായത്. കഴിഞ്ഞ ശനിയാഴ്‌ച വൈകീട്ട് നാലോടെ ചിറ്റൂർ- പുലിയറ റോഡിൽ കാട്ടേക്കാടാണ് സംഭവം. റോഡിലൂടെ നടന്നുവരികയായിരുന്ന സിജു കാൽതെറ്റി പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ മുന്നിലേക്ക് വീഴുകയായിരുന്നു. എന്നാൽ, മനഃപൂർവം പാൽ വണ്ടിക്ക് തടസം നിന്നതാണെന്ന് പറഞ്ഞ് ഇരുവരും സിജുവിനെ മർദ്ദിക്കുകയായിരുന്നു.
സംഭവം വാർത്തയായതിന് പിന്നാലെ ഒളിവിൽപോയ വിഷ്‌ണുവിനെയും റെജിലിനെയും തമിഴ്‌നാട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. പോലീസ് ഇരുവരെയും ചോദ്യം ചെയ്യുകയാണ്. സിജുവിനെ പ്രതികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനം സഹിക്കാനാവാതെ സിജു കല്ലെടുത്തെറിഞ്ഞു. ഏറ് കൊണ്ട് പിക്കപ്പിന്റെ ചില്ലുപൊട്ടി. തുടർന്ന് പ്രതികൾ യുവാവിനെ റോഡരികിലെ വൈദ്യുതിത്തൂണിൽ കെട്ടിയിട്ടു.
അരമണിക്കൂറിന് ശേഷം അതുവഴി വന്ന പരിചയക്കാരാണ് യുവാവിനെ അഴിച്ചുവിട്ടത്. മർദ്ദനമേറ്റതിന്റെയും കെട്ടിയിട്ടതിന്റെയും പരിക്കുകളോടെ നാട്ടുകാരാണ് സിജുവിനെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. അവിടുന്ന് ചികിൽസ നൽകി വീട്ടിലേക്ക് പറഞ്ഞുവിട്ടു. എന്നാൽ, ശരീരവേദനയും ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടും ഉണ്ടായതോടെ തിങ്കളാഴ്‌ച വീണ്ടും അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടി.
നിലവിൽ വിദഗ്‌ധ ചികിൽസയ്‌ക്കായി യുവാവിനെ കോട്ടത്തറ ട്രൈബൽ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ശനിയാഴ്‌ച തന്നെ അഗളി പോലീസ് സ്‌റ്റേഷനിലേക്ക് വിവരം അറിയിച്ചിരുന്നതായി സൂപ്രണ്ട് ഡോ.ഇപി ഷെരീഫ പറഞ്ഞു. എന്നാൽ, ചൊവ്വാഴ്‌ച വരെയും പോലീസ് കേസെടുത്തിരുന്നില്ല.
മർദ്ദനവിവരം പുറത്തുവന്നതിന് ശേഷം ചൊവ്വാഴ്‌ച വൈകീട്ടാണ് പോലീസ് ആശുപത്രിയിലെത്തി സിജുവിന്റെ മൊഴി രേഖപ്പെടുത്തിയത്. തുടർന്ന് രാത്രി ഏഴുമണിയോടെ പേരറിയാത്ത വാഹനത്തിലെ ഡ്രൈവർക്കും ക്ളീനർക്കുമെതിരെ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിക്കുകയായിരുന്നു. അതിനിടെ, പാൽവണ്ടി തടയുകയും കേടുവരുത്തുകയും ചെയ്‌തതായി ആരോപിച്ച് സിജുവിനെതിരെ വാഹനത്തിന്റെ ഉടമ അഗളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Most Read| പുതിയ ന്യൂനമർദ്ദം; അതിതീവ്ര മഴ മൂന്ന് ദിവസം കൂടി- രണ്ട് ജില്ലകളിൽ റെഡ് അലർട്