കാബൂള്‍: താലിബാന്‍ ആക്രമണത്തിൽ രാജ്യത്തെ സ്‌ഥിതിഗതികള്‍ അതീവ അപകടകരമായ അവസ്‌ഥയിലാണെന്ന് അഫ്ഗാന്‍ പ്രസിഡണ്ട് അഷറഫ് ഗാനി. ടെലിവിഷന്‍ വഴി സംപ്രേക്ഷണം ചെയ്‌ത വീഡിയോയിലൂടെയാണ് അഷറഫ് ഗാനി ജനങ്ങളോട് സംസാരിച്ചത്.
“നിങ്ങളുടെ പ്രസിഡണ്ട് എന്ന നിലയില്‍ രാജ്യത്ത് ഇപ്പോൾ ഉണ്ടായിരിക്കുന്ന അസ്‌ഥിരതയും അക്രമങ്ങളും ഇനിയും വര്‍ധിക്കാതിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എന്റെ ജനങ്ങളെ ഇതില്‍ നിന്നെല്ലാം സംരക്ഷിക്കുക എന്നതിലാണ് എന്റെ ശ്രദ്ധ” -അഷറഫ് ഗാനി പറഞ്ഞു. അഫ്ഗാന്‍ സൈന്യത്തെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വിന്യസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ താലിബാന്റെ ആവശ്യ പ്രകാരം അഷറഫ് ഗാനി രാജിവെക്കുമെന്ന അഭ്യൂഹങ്ങള്‍ വന്നിരുന്നു. വെടി നിർത്തലുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ താലിബാൻ പ്രധാന ആവശ്യമായി മുന്നോട്ട് വെച്ചത് പ്രസിഡണ്ടിന്റെ രാജിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വീഡിയോ പ്രകാരം അഷറഫ് ഗാനിയും അഫ്ഗാന്‍ സര്‍ക്കാരും താലിബാനെതിരെ ശക്‌തമായ പോരാട്ടം നടത്തുമെന്ന സൂചനകളാണ് നല്‍കുന്നത്.
നിലവില്‍ അഫ്ഗാനിലെ 18 പ്രധാന പ്രവിശ്യകളും തലസ്‌ഥാന നഗരമായ കാബൂളിനടുത്തുള്ള പ്രദേശങ്ങളും താലിബാന്‍ പിടിച്ചടക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. 20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്‌ഥാനില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെയാണ് താലിബാന്‍ രാജ്യത്ത് ആക്രമണം ശക്‌തമാക്കിയത്.
Read also: ബിഗ് ലിറ്റില്‍ മര്‍ഡര്‍ നെറ്റ്ഫ്ളിക്‌സ് ഡോക്യുമെന്ററി; പ്രദർശനം നിർത്താൻ ഹൈക്കോടതി ഉത്തരവ്







































