ഇസ്‌ലാമാബാദ്: അഫ്‌ഗാനിസ്‌ഥാൻ- പാക്കിസ്‌ഥാൻ അതിർത്തിയിൽ ശക്‌തമായ ഏറ്റുമുട്ടൽ. ഇന്ന് രാവിലെയുണ്ടായ വെടിവയ്‌പ്പിൽ ഇരുഭാഗത്തുമായി നിരവധി സൈനികർ കൊല്ലപ്പെട്ടു. അഫ്‌ഗാൻ താലിബാൻ സൈന്യം പാക്ക് സൈന്യത്തിന്റെ നിരവധി അതിർത്തി പോസ്‌റ്റുകൾ പിടിച്ചെടുത്തു. പാക്ക് സൈന്യത്തിന്റെ ടാങ്കും അഫ്‌ഗാൻ സൈന്യം പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ.
അഫ്‌ഗാൻ- പാക്ക് അതിർത്തിയായ ഡ്യൂറൻസ് ലൈനിനോട് ചേർന്നുള്ള പാക്ക് ജില്ലയായ ചമൻ, അഫ്‌ഗാൻ ജില്ലയായ സ്‌പിൻ ബോൾദക് എന്നിവ കേന്ദ്രീകരിച്ചാണ് ഏറ്റുമുട്ടൽ തുടരുന്നത്. 58 പാക്ക് സൈനികരെ വധിച്ചതായാണ് അഫ്‌ഗാൻ സൈന്യം അവകാശപ്പെട്ടത്. അതേസമയം, 200 അഫ്‌ഗാൻ സൈനികരെ വധിച്ചതായി പാക്ക് സൈന്യവും അവകാശപ്പെട്ടു.
തങ്ങളുടെ ഭാഗത്ത് 23 സൈനികർ കൊല്ലപ്പെട്ടെന്ന് പാക്ക് സൈന്യം അംഗീകരിച്ചു. അതേസമയം, അഫ്‌ഗാൻ ഭാഗത്ത് 12 പേർ കൊല്ലപ്പെട്ടതായും 100ലേറെ പേർക്ക് പരിക്കേറ്റതായുമാണ് താലിബാൻ അവകാശപ്പെടുന്നത്. പാക്ക് സൈന്യമാണ് ഇന്ന് രാവിലെ ആക്രമണത്തിന് തുടക്കമിട്ടതെന്ന് താലിബാൻ വക്‌താവ് സബീഹുള്ള മുജാഹിദ് എക്‌സ് പോസ്‌റ്റിൽ പറഞ്ഞു.
ആക്രമണത്തിൽ സ്‌പിൻ ബോൾദക് മേഖലയിലെ 12 സിവിലിയൻമാരാണ് കൊല്ലപ്പെട്ടതെന്നും ഇതിന് അഫ്‌ഗാൻ സൈന്യം മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അഫ്‌ഗാൻ സൈന്യവും പാക്ക് താലിബാനും ചേർന്ന് തങ്ങളുടെ പോസ്‌റ്റുകൾ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നെന്ന് പാക്കിസ്‌ഥാൻ പറഞ്ഞു. കനത്ത തിരിച്ചടി നൽകിയെന്നും അവർ അവകാശപ്പെട്ടു.
Most Read| സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയായി ഗൗരി; ചുമതലയേറ്റു