ന്യൂഡെൽഹി: ഇന്ത്യ-റഷ്യ ബന്ധം പുതിയ തലങ്ങളിലേക്ക്. റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിന്റെ ഇന്ത്യാ സന്ദർശനത്തിൽ സാമ്പത്തിക സഹകരണം ഉൾപ്പടെ നിരവധി കരാറുകളിൽ ഇരു രാഷ്ട്രങ്ങളും തമ്മിൽ ധാരണയായി. വ്യാപാര ബന്ധം വിപുലമാക്കുന്നതും നിക്ഷേപ സാധ്യതകൾ വർധിപ്പിക്കുന്നതുമായ കരാറുകളിലാണ് ധാരണയായത്.
ഊർജം, രാജ്യസുരക്ഷ, പ്രതിരോധം, ശാസ്ത്ര സാങ്കേതികം തുടങ്ങിയ മേഖലകളിലാണ് മറ്റു കരാറുകൾ. മോദിയും പുട്ടിനും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. ‘ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണ പദ്ധതി 2030‘ ആണ് കരാറുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്. 2030 വരെയുള്ള ദീർഘകാല ഉഭയകക്ഷി വ്യാപാര, നിക്ഷേപ പദ്ധതിയുടെ കരാറാണിത്.
ഇന്ത്യൻ തൊഴിലാളികൾക്ക് റഷ്യയിൽ കൂടുതൽ ജോലി അവസരങ്ങൾ ഒരുക്കുന്നതാണ് മറ്റൊന്ന്. തൊഴിലാളി കൈമാറ്റം, സുരക്ഷ, റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങൾ, പരിശീലനം തുടങ്ങിയ ഇതിലുൾപ്പെടും. ഊർജമേഖലയിൽ എണ്ണ- പ്രകൃതിവാതക വിതരണത്തിലും പ്രതിരോധത്തിൽ സാങ്കേതികവിദ്യാ കൈമാറ്റത്തിലും രാജ്യസുരക്ഷയിൽ തീവ്രവാദ വിരുദ്ധ നടപടികളിലുമാണ് കരാറുകൾ ഒപ്പിട്ടത്.
വിദ്യാഭ്യാസ മേഖലയിൽ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകളും കൾചറൽ പ്രോഗ്രാമുകളും സംഘടിപ്പിക്കും. സിവിൽ ആണവോർജ സഹകരണം പതിറ്റാണ്ടുകളായി തുടരുകയാണെന്നും ശുദ്ധമായ ഊർജത്തിനായി ഇരുരാജ്യങ്ങളും നിലകൊള്ളുകയാണെന്നും മോദി പറഞ്ഞു. ഊർജ സുരക്ഷയാണ് ഇന്ത്യ-റഷ്യ ബന്ധത്തിന്റെ നെടുംതൂൺ. ഭീകരതയ്ക്കെതിരെ ഒന്നിച്ചുപോകുമെന്നും മോദി പറഞ്ഞു.
ഇന്ത്യക്ക് തടസമില്ലാത്ത എണ്ണവിതരണം ഉറപ്പാക്കുന്നതിൽ റഷ്യ പ്രതിജ്ഞാബദ്ധമാണെന്ന് പുട്ടിൻ പറഞ്ഞു. വാർഷിക ഉഭയകക്ഷി വ്യാപാരം 1000 ബില്യൺ ഡോളറിലേക്ക് ഉയർത്തുമെന്നും പുട്ടിൻ പറഞ്ഞു. 23ആംമത് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ വ്യാഴാഴ്ചയാണ് പുട്ടിൻ ഇന്ത്യയിൽ എത്തിയത്. ഇന്ന് മോസ്കോയിലേക്ക് മടങ്ങും.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!






































