ന്യൂഡെൽഹി: പാക്കിസ്‌ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സൈനികന് വീരമൃത്യു. വ്യോമസേനയിൽ മെഡിക്കൽ സർജന്റായ രാജസ്‌ഥാൻ സ്വദേശി സുരേന്ദ്ര കുമാർ മോഗ (36) ആണ് മരിച്ചത്. ജമ്മു കശ്‌മീരിലെ ഉദംപൂരിൽ വ്യോമതാവളത്തിന് നേരെയുണ്ടായ പാക്കിസ്‌ഥാൻ ഡ്രോൺ ആക്രമണത്തിലാണ് സൈനികൻ വീരമൃത്യു വരിച്ചത്.
വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് മുൻപ് ശനിയാഴ്‌ച പുലർച്ചെയാണ് ഉദംപൂരിൽ വ്യോമതാവളത്തിന് നേരെ ആക്രമണം ഉണ്ടായത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം പാക്ക് ഡ്രോണുകൾ തകർത്തിരുന്നു. എന്നാൽ, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സുരേന്ദ്ര കുമാറിന്റെ ദേഹത്തേക്ക് ഡ്രോണിന്റെ അവശിഷ്‌ടങ്ങൾ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇന്നലെ രാത്രി ആർഎസ്‌പുര സെക്‌ടറിലെ രാജ്യാന്തര അതിർത്തിയിൽ നടന്ന പാക്ക് വെടിവയ്‌പ്പിൽ ബിഎസ്എഫ് ജവാനും വീരമൃത്യു വരിച്ചിരുന്നു. സബ് ഇൻസ്‌പെക്‌ടർ മുഹമ്മദ് ഇംതിയാസ് ആണ് മരിച്ചത്. വെടിവയ്‌പ്പിൽ മറ്റ് ഏഴ് ബിഎസ്എഫ് ഉദ്യോഗസ്‌ഥർക്കും പരിക്കേറ്റു. ഇവർ സൈനിക കേന്ദ്രത്തിലെ ആശുപത്രിയിൽ ചികിൽസയിലാണെന്ന് അധികൃതർ അറിയിച്ചു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ