കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ രണ്ടുകിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്‌റ്റിലായ എം ആകാശിനെ റിമാൻഡ് ചെയ്‌തു. കൊല്ലം കുളത്തൂപ്പുഴ വില്ലുമല സ്വദേശിയായ ആകാശിനെ (21) 14 ദിവസത്തേക്കാണ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തിരിക്കുന്നത്.
ആകാശിനൊപ്പം അറസ്‌റ്റിലായ അഭിരാജ്, ആദിത്യൻ എന്നിവർക്ക് നേരത്തെ സ്‌റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു. ആകാശ് എസ്എഫ്ഐ നേതാവാണ്. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയാണ് ആർ അഭിരാജ്. മൂവരെയും കോളേജ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. വിദ്യാർഥികൾക്കടക്കം ലഹരിമരുന്ന് വിൽക്കുന്ന ആളായിരുന്നു ആകാശ് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
ഇന്നലെ രാത്രിയാണ് ഡാൻസഫ്, പോലീസ് സംഘങ്ങൾ പെരിയാർ ഹോസ്‌റ്റൽ റെയ്‌ഡ് ചെയ്‌ത് മൂന്നുപേരെയും അറസ്‌റ്റ് ചെയ്‌തത്. ആകാശിന്റെ മുറിയിൽ നിന്ന് 1.909 കിലോഗ്രാം കഞ്ചാവും ഇത് തൂക്കുന്നതിനുള്ള ത്രാസും ചെറിയ പായ്‌ക്കറ്റുകളിലാക്കാനുള്ള സംവിധാനവും കണ്ടെടുത്തിരുന്നു. പിന്നീട്, അഭിജിത്, ആദിത്യൻ എന്നിവരുടെ മുറിയിൽ നടത്തിയ പരിശോധനയിൽ മേശയുടെ ഡ്രോയ്‌ക്കുള്ളിൽ നിന്നാണ് 9.70 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.
റിമാൻഡിലായ ആകാശിനെ കസ്‌റ്റഡിയിൽ ലഭിക്കുന്നതിന് പോലീസ് ഉടൻ അപേക്ഷ നൽകിയേക്കും. ആകാശിനെ ചെയ്‌താൽ മാത്രമേ ലഹരിയുടെ ഉറവിടമടക്കം അറിയാൻ സാധിക്കുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്. ഇന്നലെ രാത്രി ഒമ്പത് മണിക്ക് ആരംഭിച്ച റെയ്‌ഡ് അഞ്ചുമണിക്കൂറോളം നീണ്ടുനിന്നിരുന്നു.
വിദ്യാർഥികൾ അറസ്‌റ്റിലായ സാഹചര്യത്തിൽ കോളേജ് രൂപീകരിച്ച ആഭ്യന്തര സമിതി യോഗം ചേർന്നാണ് മൂന്നുപേരെയും സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ, ഇവർക്ക് പരീക്ഷ എഴുതുന്നതിന് വിലക്കുണ്ടാകില്ല. ആഭ്യന്തര സമിതി വിഷയം പഠിച്ച് ഒരാഴ്‌ചയ്‌ക്കകം റിപ്പോർട് നൽകണം. കമ്പ്യൂട്ടർ എൻജിനിയറിങ് വിഭാഗം മേധാവിയും മൂന്ന് അധ്യാപകരും ഉൾപ്പെട്ടതാണ് കോളേജിന്റെ ആഭ്യന്തര സമിതി.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ