ലക്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കത്തുന്നു. കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ എത്തിയ പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നിലവിൽ സമാജ്വാദി പാർടി നേതാവ് അഖിലേഷ് യാദവിനെയും യുപി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ലക്നൗവിലെ വീടിന് മുന്നിൽ നിന്നുമാണ് അഖിലേഷ് യാദവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
കൂടാതെ സംഘർഷങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ലഖിംപൂർ ഖേരി ജില്ലയിൽ നിലവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം തന്നെ യുപിയിൽ ഇന്നലെയുണ്ടായ അപകടത്തിൽ പോലീസ് ജീപ്പ് കത്തിച്ചത് പോലീസ് തന്നെയാണെന്ന് അഖിലേഷ് യാദവ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. നിലവിൽ കർഷകർക്ക് ഐക്യദാർഢ്യവുമായി എത്തുന്ന നേതാക്കളെ പോലീസ് തടഞ്ഞു വെക്കുകയാണ്. അഖിലേഷിനൊപ്പം സമാജ്വാദി പാര്‍ടി നേതാക്കളായ ശിവ്പാല്‍ യാദവ്, റാംഗോപാല്‍ യാദവ് എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോര്‍ട്.
നിലവിൽ ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട ആളുകളുടെ എണ്ണം 9 ആയി ഉയർന്നിട്ടുണ്ട്. ഇവരിൽ 4 കർഷകരും ഉൾപ്പെടുന്നുണ്ട്. കൊല്ലപ്പെട്ട കർഷകരുടെ മൃതദേഹങ്ങളുമായി റോഡിൽ ഉപരോധം നടത്തുകയാണ്. ലഖിംപൂർ ഖേരിയിൽ മന്ത്രിമാർക്കെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം ഓടിച്ചു കയറ്റിയാണ് കൊലപാതകം നടത്തിയത്. ഇതേ തുടർന്ന് ആശിഷ് മിശ്ര ഉൾപ്പടെ 14 പേർക്കെതിരെ കൊലപാതകക്കുറ്റം ഉൾപ്പടെ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
Read also: പ്രിയങ്ക, നിങ്ങൾ പിൻമാറില്ലെന്ന് അറിയാമായിരുന്നു; പ്രശംസിച്ച് രാഹുൽ ഗാന്ധി








































