യുപിഎസ്‌സിയുടെ ഇന്ത്യൻ ഇക്കണോമിക്‌സ് സർവീസ് (ഐഇഎസ്) പരീക്ഷയിൽ ഈ യോഗ്യത തേടിയവരിൽ ഒരേയൊരു മലയാളിയെ ഉള്ളൂ, കോട്ടയം സ്വദേശിനിയായ അൽ ജമീല സിദ്ദിഖ്. ആദ്യ പരിശ്രമത്തിൽ തന്നെ 12ആം റാങ്ക് നേടിയാണ് അൽ ജമീല മികവ് തെളിയിച്ചത്. ജെഎൻയുവിൽ പിഎച്ച്ഡി വിദ്യാർഥിനിയാണ്.
ഹൈസ്‌കൂളിൽ പടിക്കുമ്പോഴാണ് എക്കണോമിക്‌സിനെ ജമീല സ്‌നേഹിച്ച് തുടങ്ങിയത്. നയരൂപീകരണത്തിൽ വലിയൊരു പങ്ക് സാമ്പത്തിക ശാസ്‌ത്രത്തിന് ഉണ്ടെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലായിരുന്നു ജമീലയും. ഇതോടെ ഇക്കണോമിക്‌സ് മതിയെന്ന് മനസിൽ ഉറപ്പിച്ചു.
മകൾ ഡോക്‌ടറോ അഭിഭാഷകയോ ആവുന്നത് സ്വപ്‌നം കണ്ട വീട്ടുകാർക്ക് ജമീലയുടെ തീരുമാനത്തോട് അത്രകണ്ട് താൽപര്യം ഉണ്ടായിരുന്നില്ല. എന്നാൽ, നമുക്ക് ഡോക്‌ടർമാരും അഭിഭാഷകരും മാത്രമല്ല, നല്ല സാമ്പത്തിക വിദഗ്‌ധരും വേണമല്ലോ എന്ന് ജമീല വീട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്തി. പിന്നാലെ മകളുടെ ആഗ്രഹത്തിനൊപ്പം മാതാപിതാക്കളും നിന്നു.
അമ്മയാണ് ഒരുപാട് തന്നെ പിന്തുണച്ചതെന്ന് അൽ ജമീല പറയുന്നു. പിഎച്ച്ഡിക്ക് ഒപ്പമായിരുന്നു ജമീല ഐഇഎസ് പരീക്ഷക്ക് തയ്യാറെടുത്തിരുന്നത്. സങ്കീർണമായ പരീക്ഷയാണ്. രണ്ടരമാസത്തോളം ജീവിതം പരീക്ഷക്ക് വേണ്ടി മാത്രം മാറ്റിവെച്ചെന്നും ജമീല പറയുന്നു.
വലിയ സ്‌ട്രെസ് ഒക്കെ തോന്നിയെങ്കിലും പഠനം നിർത്തിയില്ല. സ്‌ട്രെസ് ഒഴിവാക്കാൻ വർക്ക് ഔട്ട് ചെയ്‌തു. മെഡിറ്റേഷനും പതിവാക്കി. പ്രാർഥനയും ഗുണം ചെയ്‌തു. പോസിറ്റീവിറ്റി വാരിവിതറുന്ന സുഹൃത്തുക്കൾ ഉള്ളതും തുണയായി. ഹോസ്‌റ്റലിൽ ആയിരുന്നെങ്കിലും എന്നും വീട്ടുകാരെ വിളിച്ച് സംസാരിക്കുമായിരുന്നു. പരീക്ഷ നന്നായി എഴുതി. ഇന്റർവ്യൂവും നന്നായി അറ്റൻഡ് ചെയ്‌തു. റാങ്ക് ലഭിക്കുമെന്ന് അപ്പോഴേ മനസിൽ തോന്നിയിരുന്നുവെന്നും ജമീല പറഞ്ഞു.
എപ്പോഴും വലിയ സ്വപ്‌നങ്ങൾ കാണണമെന്നാണ് പുതിയ തലമുറയോട് ജമീലക്ക് പറയാനുള്ളത്. തളർത്താനും പിന്തിരിപ്പിക്കാനും ഒരുപാട് പേർ കാണും. എന്നാൽ, തളരാതെ മുന്നോട്ട് പോയാൽ വിജയം നിങ്ങൾക്കൊപ്പമുണ്ടാകും. രണ്ടരമാസത്തെ മാത്രം അദ്ധ്വാനമല്ല. ഇതുവരെ ചെയ്‌ത എല്ലാ കാര്യങ്ങളുടെയും ആകെ തുകയാണീ വിജയമെന്നും ജമീല കൂട്ടിച്ചേർത്തു.
Most Read| കാൻസർ പ്രതിരോധ വാക്‌സിൻ വികസിപ്പിച്ച് റഷ്യ; ഉടൻ വിപണിയിൽ