കൊച്ചി: കാഴ്‌ചവെല്ലുവിളി നേരിടുന്നവർക്ക് വേണ്ടി സംഘടിപ്പിക്കുന്ന ‘ഓൾ കേരള ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പ് 2k25‘ ആലുവ സ്‌കൂൾ ഫോർ ദി ബ്‌ളൈൻഡിൽ ഈ മാസം 24,25 (ശനി, ഞായർ) ദിവസങ്ങളിൽ നടക്കും. സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 110ഓളം ചെസ് പ്ളെയേഴ്‌സ് ടൂർണമെന്റിൽ പങ്കെടുക്കും.
ജൂനിയർ, സീനിയർ, വനിതാ വിഭാഗങ്ങളിലായാണ് മൽസരങ്ങൾ സംഘടിപ്പിക്കുക. ഒന്ന് മുതൽ പത്തുവരെ സ്‌ഥാനം നേടുന്നവർ ദേശീയ ചെസ് ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിക്കും.
എറണാകുളം രേഖ ചാരിറ്റബിൾ സൊസൈറ്റിയും, ഇക്യൂബീയിങ് ഫൗണ്ടേഷന്റെയും സഹകരണത്തോടുകൂടി കേരള ഫെഡറേഷൻ ഓഫ് ദി ബ്‌ളൈൻഡ് യൂത്ത് ഫോറം, സ്‌കൂൾ ഫോർ ദി ബ്‌ളൈൻഡ് ആലുവ, കേരള ചെസ് അസോസിയേഷൻ ഫോർ ദി ബ്‌ളൈൻഡ് എന്നിവ സംയുക്‌തമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
24ന് രാവിലെ 8.30ന് മൽസരങ്ങളുടെ ഒന്നാം റൗണ്ട് ആരംഭിക്കും. നാല് റൗണ്ട് മൽസരങ്ങളാണുള്ളത്. 25ന് രാവിലെ 11നാണ് ടൂർണമെന്റിന്റെ ഔദ്യോഗിക ഉൽഘാടനം. അന്നേ ദിവസം മൂന്ന് റൗണ്ട് മൽസരങ്ങളാണുള്ളത്. ഉച്ചയ്‌ക്ക് മൂന്നുമണിക്ക് വിജയികൾക്കുള്ള സമ്മാനദാനവും സമാപന സമ്മേളനവും നടക്കും.
കാഴ്‌ചപരിമിതരുടെ വിദ്യാഭ്യാസം, സമഗ്ര പുനരധിവാസം എന്നിവ ലക്ഷമാക്കി 1962 മുതലാണ് ആലുവ സ്‌കൂൾ ഫോർ ദി ബ്‌ളൈൻഡ് പ്രവർത്തനം ആരംഭിച്ചത്. സൊസൈറ്റിയുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ ഒന്നാണ് സ്‌പോർട്‌സ്.
ഇതിനായി സ്‌പോർട്‌സ് അക്കാദമിയും ഹോസ്‌റ്റലും ക്രിക്കറ്റ് ഗ്രൗണ്ടും ഇവർക്ക് സ്വന്തമായുണ്ട്. കാഴ്‌ചപരിമിതർക്ക് വേണ്ടിയുള്ള കായിക ഇനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യമാണ് സൊസൈറ്റി വിഭാവനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് ചെസ് ടൂർണമെന്റിന് സംയുക്‌ത നേതൃത്വം നൽകുന്നത്.
1967ലാണ് സംസ്‌ഥാന സംഘടനയായ കേരള ഫെഡറേഷൻ ഓഫ് ദി ബ്‌ളൈൻഡിന് (കെഎഫ്‌ബി) രൂപം നൽകിയത്. ഈ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് രാഷ്‌ട്രപതിയുടേത് ഉൾപ്പടെ നിരവധി കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ അവാർഡുകളും സംഘടനയ്‌ക്ക് ലഭിച്ചിട്ടുണ്ട്. കാഴ്‌ചപരിമിതി നേരിടുന്ന യുവതീയുവാക്കളുടെ ക്ഷേമത്തിനായി സംസ്‌ഥാന തലത്തിൽ പ്രവർത്തിക്കുന്ന ഘടകമാണ് കെഎഫ്‌ബി യൂത്ത് ഫോറം.
സംഘാടക സമിതി: രാജേഷ് പിആർ (സംസ്‌ഥാന സെക്രട്ടറി- കെഎഫ്‌ബി യൂത്ത് ഫോറം-) ഫോൺ: 9020129076, ടിജെ ജോൺ (മാനേജർ- സ്‌കൂൾ ഫോർ ദി ബ്‌ളൈൻഡ്) 9446506468, നൗഷാദ് ഇപി (സംസ്‌ഥാന സെക്രട്ടറി- കേരള ചെസ് അസോസിയേഷൻ ഫോർ ദി ബ്‌ളൈൻഡ്) 9747365498.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’