തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടന്നുവെന്ന് നേതൃത്വത്തെ അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. എന്നാൽ, ആരോപണങ്ങൾക്ക് രാഹുൽ തന്നെ മറുപടി പറയട്ടെ എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വമുള്ളത്. പൊതുമധ്യത്തിൽ രാഹുൽ വിശദീകരിക്കട്ടെ എന്നാണ് നേതാക്കൾ പറയുന്നത്.
എന്നാൽ, രാഹുൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അതേസമയം, രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നിലവിൽ പാർട്ടി അന്വേഷണം ഇല്ലെന്നാണ് സൂചന. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് കോൺഗ്രസ് സസ്‌പെൻഡ് ചെയ്‌തിരുന്നു. പാർലമെന്ററി പാർട്ടിയിലും രാഹുലിന് അംഗത്വമുണ്ടാകില്ല.
എംഎൽഎ സ്‌ഥാനം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കളെല്ലാം ഉപതിരഞ്ഞെടുപ്പ് ഭീതിയിൽ അയഞ്ഞതോടെയാണ് സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ കോൺഗ്രസ് നേതൃത്വം എത്തിയത്. എന്നാൽ, കോൺഗ്രസ് നടപടി പോരെന്നും രാഹുൽ എംഎൽഎ സ്‌ഥാനം രാജിവെക്കണമെന്നും ആവർത്തിക്കുകയാണ് സിപിഎമ്മും ബിജെപിയും.
ഉപതിരഞ്ഞെടുപ്പ് പേടിയില്ലെന്ന് പുറത്ത് പറയുമ്പോഴും പാലക്കാട് വീണ്ടും ഉപതിരഞ്ഞെടുപ്പ് ഉണ്ടായാൽ ബിജെപി നേട്ടമുണ്ടാക്കുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. അതിനിടെ, യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ പുനരാരംഭിക്കുകയാണ് കോൺഗ്രസ് നേതൃത്വം. അബിൻ വർക്കി, അരിതാ ബാബു എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയർന്ന് കേൾക്കുന്നത്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ