കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം വെടിഞ്ഞു മലയാള താരസംഘടനയായ ‘അമ്മ’. ഹേമ കമ്മിറ്റി റിപ്പോർട് സ്വാഗതാർഹമാണെന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ‘അമ്മ’ ഒളിച്ചോടിയിട്ടില്ലെന്നും ഞങ്ങൾ ഹേമ കമ്മിറ്റിക്ക് ഒപ്പമാണെന്നും സിദ്ദിഖ് പറഞ്ഞു. തെറ്റ് ചെയ്‌തവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമാ മേഖലയെയാകെ കുറ്റപ്പെടുത്തുന്ന രീതി പാടില്ലെന്നും സിദ്ദിഖ് പറഞ്ഞു.
ഹേമ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യുന്നു. രണ്ടുവർഷം മുൻപ് റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി സജി ചെറിയാൻ വിളിച്ചിരുന്നു. താനും ഇടവേള ബാബുവുമാണ് ചർച്ചയിൽ അന്ന് പങ്കെടുത്തത്. ഞങ്ങളുടെ നിർദ്ദേശങ്ങൾ മന്ത്രിയോട് പറഞ്ഞിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട് അമ്മയ്‌ക്കെതിരായ റിപ്പോർട്ടല്ല. അമ്മയെ ഹേമ കമ്മിറ്റി പ്രതിക്കൂട്ടിൽ നിർത്തിയിട്ടുമില്ല. ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണ്, മാദ്ധ്യമങ്ങൾ ഞങ്ങളെ പ്രതിക്കൂട്ടിൽ നിർത്തുന്നതിൽ വിഷമം ഉണ്ടെന്നും സിദ്ദിഖ് പറഞ്ഞു.
തെറ്റ് ചെയ്‌തവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷിക്കണം. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ സിനിമാ മേഖലയെ ആകെ കുറ്റപ്പെടുത്തരുത്. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടോയെന്ന് അറിയില്ല. എന്റെ ജീവിതത്തിൽ അത്തരമൊരു പവർ ഗ്രൂപ്പിനെ കുറിച്ച് അറിയില്ല. രണ്ടുകൊല്ലം മുൻപ് രണ്ടു സംഘടനയിലെ അംഗങ്ങളെ ചേർത്ത് ഒരു ഹൈ പവർ കമ്മിറ്റി രൂപീകരിച്ചിരുന്നു. അല്ലാതെ ഒരു പവർ ഗ്രൂപ്പും മാഫിയയും സിനിമാ മേഖലയിൽ ഇല്ലെന്നും സിദ്ദിഖ് പറഞ്ഞു.
2006ൽ നടന്ന സംഭവത്തവത്തെപ്പറ്റി ഒരു പരാതി മുൻപ് കിട്ടിയിരുന്നു. അത് ഒഴിവാക്കാൻ പാടില്ലായിരുന്നു. അതിൽ ഇനി എന്ത് നടപടി സ്വീകരിക്കാൻ കഴിയുമെന്ന് ആലോചിക്കും. അത് മാത്രമാണ് അമ്മയ്‌ക്ക് കിട്ടിയ ഏക പരാതിയൊന്നും സിദ്ദിഖ് പ്രതികരിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെച്ചൊല്ലി അമ്മയിൽ തന്നെ ഭിന്നത നിലനിൽക്കെയാണ് ഔദ്യോഗികമായി പ്രതികരിക്കാൻ സംഘടന തീരുമാനിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും നിലപാട് വ്യക്‌തമാക്കാത്ത സിനിമാ സംഘടനക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.
Most Read| സിദ്ധാർഥന്റെ മരണം; മുൻ വിസിക്ക് നോട്ടീസ്- നടപടി കടുപ്പിച്ച് ഗവർണർ








































