കോഴിക്കോട്: സംസ്‌ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരുമരണം കൂടി സ്‌ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയ്‌ക്ക് എത്തിച്ച തൃശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. ബുധനാഴ്‌ചയാണ് റഹീമിനെ ഗുരുതരാവസ്‌ഥയിൽ ബീച്ച് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
കോഴിക്കോട്ട് അബോധാവസ്‌ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരാവസ്‌ഥ പരിഗണിച്ച് ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചത്. ഇന്ന് വൈകീട്ടാണ് മരണം സംഭവിച്ചത്.
ഒറ്റയ്‌ക്ക് താമസിച്ചുവരുന്ന ആളായതിനാൽ ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗബാധയുണ്ടായത് എന്നത് കണ്ടെത്താനായിട്ടില്ല. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മൂന്ന് കുട്ടികളും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആറും സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള രാമനാട്ടുകര സ്വദേശിയായ 30 വയസുകാരിയും അടക്കം പത്തുപേരാണ് നിലവിൽ കോഴിക്കോട്ട് ചികിൽസയിലുള്ളത്.
ഈ രോഗം ബാധിച്ച് ചികിൽസയിൽ ആയിരുന്ന 11 വയസുകാരിയായ മലപ്പുറം ചേളാരി സ്വദേശിയായ കുട്ടി ബുധനാഴ്‌ച രോഗം പൂർണമായും ഭേദമായി ആശുപത്രി വിട്ടിരുന്നു. രോഗബാധ കൂടുതലായി കണ്ടെത്തുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ കുളങ്ങളും കിണറുകളും ഉൾപ്പടെയുള്ള ജലസ്രോതസുകൾ ശുദ്ധീകരിക്കാൻ നേരത്തെ സർക്കാർ നിർദ്ദേശിച്ചിരുന്നു.
ഇന്ന് മരിച്ച റഹീം ഉൾപ്പടെ ഏഴുപേരുടെ മരണമാണ് കഴിഞ്ഞ ഒന്നരമാസത്തിനിടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായത്. താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസുകാരി അനയ, മലപ്പുറം വണ്ടൂർ സ്വദേശി ശോഭന, വയനാട് ബത്തേരി സ്വദേശിയായ രതീഷ്, കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്നുമാസം പ്രായമായ കുഞ്ഞ്, മലപ്പുറം കണ്ണമംഗലം ചേറൂർ കാപ്പിൽ കണ്ണേത്ത് റംല, മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജി എന്നിവരാണ് ഇതിന് മുൻപ് മെഡിക്കൽ കോളേജിൽ മരിച്ചത്.
Most Read| ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് അംഗീകാരം; അന്തിമ വിജ്‌ഞാപനം ഉടൻ