അമീബിക് മസ്‌തിഷ്‌ക ജ്വരം; ഏഴുവയസുകാരനും രോഗം, വിദഗ്‌ധ പഠനത്തിന് ആരോഗ്യവകുപ്പ്

ഇതോടെ, അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ഉള്ളവരുടെ എണ്ണം അഞ്ചായി.

By Senior Reporter, Malabar News
Amoebic Encephalitis
Rep. Image
Ajwa Travels

കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസുകാരി അനയയുടെ ഏഴുവയസുകാരനായ സഹോദരനും രോഗം സ്‌ഥിരീകരിച്ചു. ഇതോടെ, അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ഉള്ളവരുടെ എണ്ണം അഞ്ചായി.

കോഴിക്കോട്ടും മലപ്പുറത്തും രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ രോഗബാധിതർക്ക് ജലസമ്പർക്കമുണ്ടായ ഇടങ്ങളിൽ പരിശോധനയും ശുചീകരണ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പ് ശക്‌തമാക്കി. ഇന്ന് രോഗം സ്‌ഥിരീകരിച്ച ഏഴുവയസുകാരനും സഹോദരി അനയ കുളിച്ച അതേ കുളത്തിൽ കുളിച്ചിരുന്നതായാണ് വിവരം.

മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുകാരിക്കും കഴിഞ്ഞദിവസം രോഗം സ്‌ഥിരീകരിച്ചിരുന്നു. അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുകാരിയുടെ വീട്ടിലും സമീപ പ്രദേശത്തെ കുളത്തിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ ബുധനാഴ്‌ച വിശദമായി പരിശോധന നടത്തിയിരുന്നു. കോഴിക്കോട്ട് രോഗം റിപ്പോർട് ചെയ്‌ത മറ്റുചില ഇടങ്ങളിലും മെഡിക്കൽ കോളേജിൽ നിന്നെത്തിയ സംഘം പരിശോധന നടത്തി.

സ്‌ഥലത്തെ ജലസ്രോതസുകളിലെ സാമ്പിളുകൾക്കൊപ്പം കിണറുകൾ, പൈപ്പ് വെള്ളം ഉൾപ്പടെയുള്ള സാമ്പിളുകളും ശേഖരിച്ചു. പ്രദേശത്ത് ബോധവൽക്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കി. കോഴിക്കോട് ഓമശ്ശേരിയിൽ നിന്നുള്ള മൂന്നുമാസം പ്രായമായ കുഞ്ഞ്, മലപ്പുറം സ്വദേശിയായ 49കാരൻ, ചേളാരി സ്വദേശിയായ 11 വയസുകാരി, അന്നശ്ശേരി സ്വദേശിയായ 38കാരൻ, ഇന്ന് രോഗം സ്‌ഥിരീകരിച്ച താമരശ്ശേരി സ്വദേശിയായ ഏഴുവയസുകാരൻ എന്നിവരാണ് നിലവിൽ കോഴിക്കോട് ചികിൽസയിൽ ഉള്ളത്.

വേനൽക്കാലത്താണ് മുൻപ് കൂടുതൽ രോഗബാധ കണ്ടെത്തിയിരുന്നതെങ്കിൽ ഇപ്പോൾ മഴക്കാലത്തും രോഗവാഹക അമീബയുടെ സാന്നിധ്യം കണ്ടതോടെ ആരോഗ്യവകുപ്പ് കൂടുതൽ പഠനത്തിന് ഒരുങ്ങുകയാണ്. കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ രോഗനിർണയം നടത്താനുള്ള മെച്ചപ്പെട്ട സൗകര്യങ്ങൾ ഉള്ളതിനാലാണ് ഇവിടങ്ങളിൽ നിന്ന് രോഗം കൂടുതലായി റിപ്പോർട് ചെയ്യപ്പെടുന്നതെന്നാണ് ആരോഗ്യവിദഗ്‌ധർ സൂചിപ്പിക്കുന്നത്.

Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE