കോഴിക്കോട്: മലബാറിലെ മലയോര ജനതയുടെ സ്വപ്‌ന പദ്ധതിയായ കോഴിക്കോട്-വയനാട് തുരങ്കപാതയ്‌ക്ക് കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി. തുരങ്കപാതയ്‌ക്ക് സംസ്‌ഥാന പരിസ്‌ഥിതി ആഘാത സമിതി നേരത്തെ അനുമതി നൽകിയിരുന്നു. 30 കിലോമീറ്ററാണ് തുരങ്കപാത. അനുമതി ലഭിച്ച സാഹചര്യത്തിൽ തുരങ്കപാത നിർമാണത്തിന്റെ പ്രാഥമിക നടപടികളുമായി സർക്കാർ ഉടൻ മുന്നോട്ടുപോകും.
പരിസ്‌ഥിതി ആഘാതവും അവ ലഘൂകരിക്കാൻ സ്വീകരിക്കുന്ന നടപടികളും സൂചിപ്പിച്ച് കൊങ്കൺ റെയിൽ അധികൃതർ നൽകിയ വിശദീകണം അംഗീകരിച്ചാണ് കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി. പരിസ്‌ഥിതിലോല പ്രദേശത്ത് നിർമാണം അതീവശ്രദ്ധയോടെ നടത്തണം, മല തുരക്കുമ്പോൾ സമീപ പ്രദേശത്ത് ഉണ്ടാകുന്ന ആഘാതം കൃത്യമായി പഠിക്കണം, കനത്ത മഴ ഉണ്ടായാൽ മുന്നറിയിപ്പ് നൽകാനുള്ള സംവിധാനങ്ങൾ രണ്ട് ജില്ലകളിലും വേണം തുടങ്ങിയ മാനദണ്ഡങ്ങളാണ് പദ്ധതിക്കായി മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്.
കൂടാതെ, വയനാട്- നിലമ്പൂർ ആനത്താരയിലെ അപ്പംകാപ്പ് ഭാഗത്ത് ആനത്താര നിലനിർത്താൻ 3.0579 ഹെക്‌ടർ ഭൂമി ഏറ്റെടുക്കണം, പദ്ധതി പ്രദേശത്ത് മാത്രമുള്ള ‘ബാണാസുര ചിലപ്പൻ’ എന്ന പക്ഷികളുടെ സംരക്ഷണത്തിനുള്ള പഠനം നടത്തണം, ജില്ലാ തലത്തിൽ നാലംഗ വിദഗ്‌ധ സമിതി രൂപീകരിക്കണമെന്നും മാനദണ്ഡങ്ങളിൽ പെടുന്നുണ്ട്. ഇതിൽ കൊങ്കൺ റെയിൽ അധികൃതർ നൽകിയ വിശദീകരണം കൂടി അംഗീകരിച്ചാണ് തുരങ്കപാതയ്‌ക്ക് അന്തിമ അനുമതി നൽകിയത്.
പദ്ധതിക്ക് 2043 കോടി രൂപയുടെ ഭരണാനുമതിയും 2134 കോടിയുടെ സാമ്പത്തികാനുമതിയും നേരത്തെ നൽകിയിരുന്നു. താമരശ്ശേരി ചുരം പാതക്ക് ബദല്‍ മാർഗം എന്ന നിലക്കാണ് തുരങ്കപാത നിർമിക്കുന്നത്. സംസ്‌ഥാന സർക്കാരിന്റെ ‘നൂറ് ദിവസം നൂറ് പദ്ധതികള്‍’ എന്ന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയ തുരങ്ക പാതയുടെ ഔദ്യോഗിക പ്രഖ്യാപനം 2020 ഒക്‌ടോബർ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. പിന്നാലെ സെപ്‌തംബറിൽ പദ്ധതിയുടെ സർവേ നടപടികളും ആരംഭിച്ചിരുന്നു.
2021ൽ ആണ് തുരങ്കപാതയുടെ അലൈൻമെന്റിന് സർക്കാർ അംഗീകാരം നൽകിയത്. 2022ൽ ആദ്യഘട്ട നിർമാണത്തിനായി 685 കോടി രൂപ കിഫ്‌ബി മുഖേന സർക്കാർ അനുവദിച്ചു. കോഴിക്കോട്, വയനാട് എന്നീ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തുരങ്കപാത, കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തില്‍ നിന്ന് ആരംഭിച്ച് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ അവസാനിക്കുന്ന രീതിയിലാണ് നിർമാണം.
തുരങ്കപാത വിജയകരമായാൽ കോഴിക്കോട് നിന്ന് താമരശ്ശേരി ചുരം കയറാതെ വെറും എട്ട് കിലോമീറ്റർ യാത്രകൊണ്ട് വയനാട്ടിലെത്താം. 42 കിലോമീറ്റർ എന്നത് 20 കിലോമീറ്ററിന് താഴെയായി ചുരുങ്ങും. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ നിന്ന് മറിപ്പുഴ, സ്വർഗ്ഗംകുന്ന് വഴി വയനാട്ടിലെ കള്ളാടിയിൽ എത്തുന്നതാണ് നിർദ്ദിഷ്‌ട തുരങ്കപാത.
തുരങ്കപ്പാതയുടെ നിർമാണത്തിന് ദിലീപ് ബിൽഡ്‌കോൺ ലിമിറ്റഡ്, റോയൽ ഇൻഫ്രാസ്‌ട്രെക്‌ച്ചർ കമ്പനി എന്നീ രണ്ട് കമ്പനികളെ ആണ് നേരത്തെ തിരഞ്ഞെടുത്തത്. 1341 കോടി രൂപയ്‌ക്ക് ദിലീപ് ബിൽഡ്‌കോൺ ലിമിറ്റഡ് തുരങ്കത്തിന്റെ നിർമാണവും 160 കോടി രൂപയ്‌ക്ക് റോയൽ ഇൻഫ്രാസ്‌ട്രെക്‌ച്ചർ കമ്പനി അപ്രോച്ച് റോഡിന്റെ നിർമാണവുമാണ് ഏറ്റെടുക്കുക. കമ്പനികൾക്ക് വർക്ക് ഓർഡർ നൽകാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കൊങ്കൺ റെയിൽ അധികൃതർ അറിയിച്ചു.
Most Read| ജൂണിലെ വൈദ്യുതി ബില്ലിൽ സർചാർജ് കുറയും; കെഎസ്ഇബി





































