ഹൈദരാബാദ്: ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്‌ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഇതുവരെ 27 മരണം റിപ്പോർട് ചെയ്‌തു. തെലങ്കാനയിൽ 15 പേർ മരിച്ചതായി റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്‌ഡി പറഞ്ഞു. ആന്ധ്രാപ്രദേശിൽ ശനിയാഴ്‌ച മുതൽ തുടരുന്ന മഴക്കെടുതിയിൽ 12 പേർ മരിച്ചു. കനത്ത മഴയിൽ വിവിധ പ്രദേശങ്ങൾ വെള്ളത്തിലടിയിലായി.
ഇരു സംസ്‌ഥാനങ്ങളിലെയും നദികൾ ഉൾപ്പടെ കരകവിഞ്ഞ് ഒഴുകുകയാണ്. ദേശീയ- സംസ്‌ഥാന ദുരന്തനിവാരണ സേനകൾ ആയിരക്കണക്കിന് ആളുകളെ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. റെയിൽവേ, റോഡ് ഗതാഗതവും താറുമാറായി. ഇതുവരെ നൂറിലധികം ട്രെയിനുകൾ റദ്ദാക്കി.
ഇന്ന് പുറപ്പെടുന്ന കൊച്ചുവേളി-കോർബ എക്‌സ്‌പ്രസ്, ബിലാസ്‌പുർ- എറണാകുളം എക്‌സ്‌പ്രസ്, ബുധനാഴ്‌ച പുറപ്പെടേണ്ട എറണാകുളം- ബിലാസ്‌പുർ എക്‌സ്‌പ്രസ് എന്നിവയും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ കൂടി കടന്നുപോകുന്ന ദക്ഷിണ സെൻട്രൽ റെയിൽവേയുടെ നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.
കനത്ത മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഹൈദരാബാദിൽ ഇന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. തെലങ്കാനയിലെ വിവിധ ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡിയുടെ അധ്യക്ഷതയിൽ അടിയന്തിര അവലോകന യോഗം ചേർന്നു. ഉദ്യോഗസ്‌ഥരോട് ജാഗ്രത പാലിക്കാനും പ്രളയബാധിത പ്രദേശങ്ങളിൽ അടിയന്തിര സഹായത്തിന് നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി.
അടിയന്തിര ആവശ്യങ്ങൾക്ക് മാത്രമേ വീടുകളിൽ നിന്ന് പുറത്തിറങ്ങാവൂ എന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. ആന്ധ്രാപ്രദേശിൽ ഏറ്റവും കൂടുതൽ നാശം വിതച്ച വിജയവാഡ ജില്ലയിൽ, ബുഡമേരു, നദി ഞായറാഴ്‌ച കരകവിഞ്ഞൊഴുകിയതോടെ പല നഗരപ്രദേശങ്ങളും വെള്ളത്തിനടിയിലായി.
Most Read| സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്