മുംബൈ: തമിഴ് സൂപ്പർ താരം ചിയാൻ വിക്രം നായകനായ ഹിറ്റ് ചിത്രം അന്യന്റെ ഹിന്ദി റീമേക്കിനെതിരെ നിർമാതാവ് ആസ്‌കർ രവിചന്ദ്രൻ. ശങ്കറിനെതിരെയും നിർമാതാവ് ജയനിതാൾ ഗദ്ദക്കുമെതിരെയാണ് രവിചന്ദ്രന്റെ പരാതി. നേരത്തെ സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പറിലും ശങ്കറിനെതിരെ രവിചന്ദ്രൻ പരാതി നൽകിയിരുന്നു. രവിചന്ദ്രനെ ചേമ്പർ പിന്തുണക്കുമെന്നാണ് റിപ്പോർട്ടുകൾ.
താൻ ശങ്കറിനും ജയനിതാൾ ഗദ്ദക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുകയാണെന്നും തന്റെ സമ്മതമില്ലാതെ അവർക്ക് സിനിമ റീമേക്ക് ചെയ്യാനാകില്ലെന്നും രവിചന്ദ്രൻ പറയുന്നു. സിനിമയുടെ പകർപ്പാവകാശം തന്റേത് മാത്രമാണെന്നാണ് രവിചന്ദ്രന്റെ അവകാശവാദം.
എന്നാൽ, അന്യന്റെ തിരക്കഥ തന്റേതാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണെന്ന് ആയിരുന്നു ശങ്കറിന്റെ മറുപടി. ശങ്കറിനെ സംവിധാനം ചെയ്യാൻ ഏൽപിച്ചത് താനാണെന്നും അന്യൻ തന്റെ സിനിമയാണെന്നും രവിചന്ദ്രൻ പ്രതികരിച്ചു.
പരാതിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനാണ് രവിചന്ദ്രന്റെ തീരുമാനം. സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പർ, മുംബൈ ഫിലിം അസോസിയേഷനുമായി ചർച്ച നടത്തിയ ശേഷം മാത്രമാകും നടപടി. ശങ്കറിന് പുറമേ നിർമാതാവ് ജയനിതാൾ ഗദ്ദയുമായും രവിചന്ദ്രൻ ചർച്ച നടത്തും.
ഈ വർഷം ഏപ്രിലിലാണ് ശങ്കറും ജയനിതാൾ ഗദ്ദയും രൺവീർ സിങ്ങിന്റെ നായകനാക്കി അന്യൻ റീമേക്ക് പ്രഖ്യാപിച്ചത്. അന്യൻ ‘അപരിചിത്’ എന്ന പേരിൽ ഹിന്ദിയിലേക്ക് മൊഴിമാറ്റിയിരുന്നു.
Also Read: കരിപ്പൂർ വിമാനാപകടം; ചികിൽസാ സഹായം നിർത്താനൊരുങ്ങി എയർ ഇന്ത്യ