കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺ സുഹൃത്തിന്റെ മൊഴിയെടുക്കാൻ പോലീസ്. മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും കൂടുതൽ പേരെ കേസിൽ പ്രതി ചേർക്കുക. പിടിയിലായ എസ്‌ഡിപിഐ പ്രവർത്തകർ ആൾക്കൂട്ട വിചാരണയിലും മർദ്ദനത്തിലും നേരിട്ട് പങ്കെടുത്തവരാണെന്ന് പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കൂടി പോലീസ് സംശയിക്കുന്നുണ്ട്. റസീനയുടെ ആത്‍മഹത്യാക്കുറിപ്പിൽ നിന്നുമാണ് മൂന്ന് പ്രതികളിലേക്ക് എത്തിയത്. തന്റെ മരണവുമായി ആൺ സുഹൃത്തിന് യാതൊരു ബന്ധവുമില്ലായെന്നും യുവതിയുടെ ആത്‍മഹത്യാക്കുറിപ്പിൽ വ്യക്‌തമാക്കിയിട്ടുണ്ട്. റസീന ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ നടന്നത് സദാചാര ഗുണ്ടായിസം തന്നെയാണെന്ന് പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്.
റസീന മൻസിലിൽ റസീനയെയാണ് (40) ചൊവ്വാഴ്‌ച വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ മൂന്ന് എസ്‌ഡിപിഐ പ്രവർത്തകരെ റിമാൻഡ് ചെയ്‌തു. പറമ്പായി സ്വദേശികളായ എംസി മൻസിലിൽ വിസി മുബഷീർ (28), കണിയാന്റെ വളപ്പിൽ കെഎ ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വികെ റാഫ്‌നാസ് (24) എന്നിവരെയാണ് റിമാൻഡ് ചെയ്‌തത്.
റസീനയുടെ ആത്‍മഹത്യാ കുറിപ്പിൽ നിന്ന് കിട്ടിയ സൂചനയുടെ അടിസ്‌ഥാനത്തിലായിരുന്നു അറസ്‌റ്റ്. ഞായറാഴ്‌ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്ക് സമീപം കാറിനരികിൽ റസീന ആൺസുഹൃത്തിനോട് സംസാരിച്ച് നിൽക്കുന്നത് അറസ്‌റ്റിലായവർ ഉൾപ്പടെയുള്ള സംഘം ചോദ്യം ചെയ്‌തിരുന്നു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ ഇവർ കൈയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു.
അഞ്ചുമണിക്കൂറോളം യുവാവിനെ തടഞ്ഞുവെച്ച് വിചാരണ ചെയ്‌ത സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ പറമ്പായിയിലെ എസ്‌ഡിപിഐ ഓഫീസിലെത്തിച്ചു. റസീനയുടെയും യുവാവിന്റെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകി യുവാവിനെ ബന്ധുക്കളോടൊപ്പം വിട്ടയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് റസീന വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ