കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് വീട്ടിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ പിടിയിൽ. മുഖ്യപ്രതി നിയാസാണ് കൊടുവള്ളി പോലീസിന്റെ പിടിയിലായത്. യുവാവിനെ തട്ടിക്കൊണ്ടുപോകാനായി ബൈക്കിലെത്തിയ രണ്ടുപേരിൽ ഒരാളാണ് നിയാസെന്നാണ് വിവരം.
കർണാടകയിൽ നിന്ന് കോഴിക്കോട്ടേക്ക് വരുന്നവഴി കൽപ്പറ്റയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. കഴിഞ്ഞ മാസം 17ആം തീയതി വൈകീട്ട് നാലുമണിയോടെയാണ് കൊടുവള്ളി കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അബ്‌ദുൽ റഷീദിന്റെ മകൻ അന്നൂസ് റോഷനെ (21) ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് അഞ്ചാം ദിവസം യുവാവിനെ മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് കണ്ടെത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ടുള്ള രണ്ട് കേസുകളിലായി മൂന്നുപേരെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. സഹോദരൻ അജ്‌മൽ റോഷനുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് ക്വട്ടേഷൻ സംഘം അന്നൂസിനെ തട്ടിക്കൊണ്ടുപോയത്. സഹോദരനെ കിട്ടാതെ വന്നതോടെയാണ് അനിയനെ തട്ടിയെടുത്തത്. മൈസൂരുവിലെ രഹസ്യ കേന്ദ്രത്തിൽ പാർപ്പിച്ചുവരികയായിരുന്ന അന്നൂസിനെ പിന്നീട് കേരളത്തിൽ എത്തിക്കുകയായിരുന്നു.
മൈസൂർ ടൗണിൽ നിന്നും കർണാടക രജിസ്‌ട്രേഷനുള്ള ടാക്‌സി വിളിച്ചാണ് ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർ അന്നൂസ് റോഷനുമായി കേരളത്തിലേക്ക് വന്നത്. ടാക്‌സി ഡ്രൈവർക്ക് തട്ടിക്കൊണ്ടുപോകലിനെ കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് വിവരം. താമരശ്ശേരി ഡിവൈഎസ്‌പി കെ സുശീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മലപ്പുറത്തിനും കൊണ്ടോട്ടിക്കുമിടയിലെ മോങ്ങത്തുവെച്ച് ടാക്‌സി തടഞ്ഞാണ് അന്നൂസിനെ മോചിപ്പിച്ചത്.
Most Read| 16ആം വയസിൽ സ്‌തനാർബുദം, ശസ്‌ത്രക്രിയ; ഒടുവിൽ ലോകസുന്ദരി കിരീടം