പുകയില വിരുദ്ധ ക്ളിനിക്കുകള്‍ സബ് സെന്റര്‍ തലത്തിലും

By Desk Reporter, Malabar News
Minister Veena George
Ajwa Travels

തിരുവനന്തപുരം: ഈ വര്‍ഷം മുതല്‍ പുകയില വിരുദ്ധ ക്ളിനിക്കുകള്‍ സബ് സെന്റര്‍ തലത്തില്‍ കൂടി ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജെപിഎച്ച്എന്‍, ജെഎച്ച്‌ഐ എന്നിവര്‍ക്ക് പരിശീലനം നല്‍കി പുകവലി ശീലം ഉള്ളവര്‍ക്ക് കൗണ്‍സിലിംഗും ആവശ്യമായവര്‍ക്ക് ചികിൽസയും നല്‍കും. തൃശൂര്‍ ജില്ലയില്‍ 25 സബ് സെന്ററുകളില്‍ പരീക്ഷണാടിസ്‌ഥാനത്തില്‍ ഇത് നടപ്പിലാക്കുന്നതാണ്.

ലോക പുകയില രഹിത ദിനാചരണത്തിന്റെ ഭാഗമായി സംസ്‌ഥാനത്ത് രണ്ടാഴ്‌ച നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ദിനാചരണം മെയ് 31ന് തൃശൂരില്‍ വെച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ദിനാചരണത്തിന്റെ ഭാഗമായി ക്യാമ്പയിന്‍ മോഡില്‍ ബോധവൽക്കരണ പരിപാടികള്‍, മൽസരങ്ങള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ പുകയില വിമുക്‌തമാക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിക്കും. ഇതിനായി എന്‍എസ്എസ് യൂണിറ്റുകള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും. മെയ് 31ന് തൃശൂര്‍ ജില്ലയിലെ 19 വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ സമ്പൂര്‍ണ പുകയില വിമുക്‌ത വിദ്യാഭ്യാസ സ്‌ഥാപനങ്ങളായി പ്രഖ്യാപിക്കും.

‘പുകയില: പരിസ്‌ഥിതിക്കും ഭീഷണി’ എന്നതാണ് ഈ വര്‍ഷത്തെ ലോക പുകയില രഹിത ദിന സന്ദേശം. പുകയിലയുടെ ഉപയോഗം രോഗങ്ങള്‍ സൃഷ്‌ടിക്കുന്നതിനൊപ്പം പുകയിലയുടെ കൃഷി, ഉൽപാദനം, വിതരണം, മാലിന്യം എന്നിവ മൂലമുണ്ടാകുന്ന പാരിസ്‌ഥിതിക ആഘാതത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

രണ്ടാം ഗ്ളോബല്‍ അഡള്‍ട്ട് ടുബാക്കോ സര്‍വേ പ്രകാരം കേരളത്തിലെ മൊത്തം പുകവലിയുടെ ഉപയോഗം 12.7 ശതമാനമാണ്. ഒന്നാം സര്‍വേയില്‍ 21.4 ശതമാനം ഉണ്ടായിരുന്ന പുകയിലയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞുവെങ്കിലും 15 മുതല്‍ 17 വയസുള്ളവരില്‍ ഇതിന്റെ ഉപയോഗം നേരിയ തോതില്‍ വര്‍ധിച്ചത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.

മാത്രവുമല്ല പൊതുസ്‌ഥലങ്ങളിലും ഗാര്‍ഹികവുമായുള്ള പുകയിലയുടെ ഉപയോഗം 13.7 ശതമാനത്തോളം നിഷ്‌ക്രിയ പുകവലിക്ക് കാരണമാക്കുന്നു എന്നത് പുകവലിക്കാത്തവരെയും ഇത് ആരോഗ്യപരമായി ബാധിക്കുന്നു എന്നതിന്റെ തെളിവാണ്. പുകയിലയുടെ ദൂഷ്യഫലങ്ങള്‍ തിരിച്ചറിഞ്ഞ് അവ ഉപേക്ഷിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

ശ്വാസകോശത്തിന്റെയും ശ്വസന വ്യവസ്‌ഥയുടെയും പ്രതിരോധശേഷി കുറക്കുന്ന ഒരു വിപത്താണ് പുകവലി. കേരളത്തില്‍ പുകയില മൂലമുള്ള മരണ കാരണങ്ങളുടെ പട്ടികയില്‍ പുകയിലജന്യമായ ഹൃദ്രോഗവും, വദനാര്‍ബുദവും, ശ്വാസകോശാര്‍ബുദവുമാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. പുരുഷൻമാരില്‍ കാണുന്ന അര്‍ബുദത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പുകയിലജന്യമായ ശ്വാസകോശാര്‍ബുദവും രണ്ടാമത് പുകയിലജന്യമായ വദനാര്‍ബുദവുമാണ്.

ഒരു ലക്ഷത്തില്‍ അയ്യായിരം പേര്‍ക്ക് ബാധിക്കുന്ന ക്രോണിക് ഒബ്‌സ്‌ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) എന്ന ഗുരുതര ശ്വാസകോശത്തിന്റെ ഹേതുക്കളില്‍ പ്രധാനകാരണം പുകയിലയാണ്. ഇതിന് പുറമേ പക്ഷാഘാതം, ശ്വാസകോശ രോഗങ്ങള്‍, ആസ്‌ത്‌മ, ക്ഷയരോഗം എന്നിവ വര്‍ധിക്കുന്നതിലും പുകയിലയുടെ പങ്ക് വളരെ വലുതാണ്.

സംസ്‌ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള ദിശയുടെ ടോള്‍ ഫ്രീ നമ്പറുകളായ 1056, 104 എന്നിവ പുകവലി നിര്‍ത്തുന്നവര്‍ക്കുള്ള ക്വിറ്റ് ലൈനായി കൂടി പ്രവര്‍ത്തിക്കുന്നു. പുകയില ഉപയോഗം നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഈ നമ്പറുകളില്‍ വിളിച്ച് ഡോക്‌ടർമാര്‍, സൈക്കോളജിസ്‌റ്, സൈക്ക്യാട്രിസ്‌റ്റ് എന്നിവരുടെ സേവനം ലഭ്യമാക്കാം. കൂടാതെ സിഒപിഡി രോഗത്തിന്റെ പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിൽസക്കും വേണ്ടിയുള്ള ശ്വാസ് ക്ളിനിക്കുകള്‍, ജീവിത ശൈലീരോഗ നിയന്ത്രണ ക്ളിനിക്കുകള്‍, മാനസികാരോഗ്യ ക്ളിനിക്കുകള്‍ എന്നിവ വഴിയും സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രാഥമികതലം മുതല്‍ പുകവലിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള ചികിൽസയും കൗണ്‍സിലിംഗും ലഭ്യമാണ്.

Most Read: വാളുമായി ‘ദുർഗാവാഹിനി’ റാലി; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പോലീസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE