കൊച്ചി: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിന് എംഎൽഎ പദവി നഷ്ടമായി. ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കികൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി. രണ്ടുവർഷത്തിന് മുകളിൽ ശിക്ഷ വിധിച്ചതിനാലാണ് ആന്റണി രാജുവിന് പദവി നഷ്ടമായത്.
ജനപ്രതിനിധിക്ക് രണ്ടുവർഷത്തിൽ കൂടുതൽ ഏതെങ്കിലും കോടതി ശിക്ഷിച്ചാൽ അയോഗ്യനാകുമെന്ന സുപ്രീം കോടതിയുടെ വിധിയാണ് ആന്റണി രാജുവിനും ബാധകമായത്. തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ രണ്ടാം പ്രതിയായ ആന്റണി രാജുവിനും ഒന്നാം പ്രതിയായ കോടതി മുൻ ജീവനക്കാരനായ ജോസിനും മൂന്നുവർഷം തടവുശിക്ഷയും 10,000 രൂപ പിഴയുമാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചിരിക്കുന്നത്.
അപ്പീൽ നൽകാനായി ആന്റണി രാജുവിനും ജോസിനും ഒരുമാസത്തേക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിൽ അപ്പീൽ നൽകാം. അപ്പീലിലൂടെ അനുകൂല വിധി നേടിയില്ലെങ്കിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പടെ ആറുവർഷത്തേക്ക് ആന്റണി രാജുവിന് മൽസരിക്കാനാകില്ല. ശിക്ഷ പൂർത്തിയാക്കി ജയിലിൽ നിന്ന് ഇറങ്ങുന്ന ദിവസം മുതൽ ആറുവർഷത്തേക്കാണ് അയോഗ്യത.
1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്ന് കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രു സാൽവദോറിനെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്





































