കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ നടി രംഗത്ത്. ‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ വെച്ച് ഷൈൻ ടോം ചാക്കോയിൽ നിന്ന് തനിക്കും മോശം അനുഭവം ഉണ്ടായെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. പുതുമുഖ നടി അപർണ ജോൺസ് ആണ് ഷൈനിനെതിരെ ആരോപണവുമായി രംഗത്തുവന്നത്.
സെറ്റിൽ വെച്ച് നിരന്തരം ലൈംഗിക ചുവയോടെയുള്ള ഷൈനിന്റെ സംസാരവും വ്യത്യസ്‌ത രീതിയിലുള്ള പെരുമാറ്റങ്ങളും പ്രയാസമുണ്ടാക്കിയെന്നാണ് നടി പറഞ്ഞത്. ഷൈൻ സംസാരിക്കുമ്പോൾ വെളുത്ത നിറത്തിലുള്ള പൊടി വായിൽ നിന്ന് വീഴുന്നുണ്ടായിരുന്നത് താനും കണ്ടിരുന്നെന്നും എന്നാൽ ഇത് എന്താണെന്ന് വ്യക്‌തമായി പറയാൻ കഴിയില്ലെന്നും നടി പറഞ്ഞു.
മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തമായ രീതിയിലാണ് ഷൈൻ സംസാരിച്ചിരുന്നത്. അതിനാൽ തന്നെ അദ്ദേഹവുമായുള്ള സംസാരത്തിൽ അകലം പാലിച്ചിരുന്നു. എന്തെങ്കിലും തുറന്ന് സംസാരിച്ചിരുന്നെങ്കിൽ ഷൈൻ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിലും ഉറപ്പില്ലായിരുന്നു. അതിനാൽ തന്നെ പരമാവധി നിശബ്‌ദത പാലിക്കുകയാണ് ചെയ്‌തതെന്നും അപർണ പറഞ്ഞു.
സെറ്റിൽ ഉണ്ടായിരുന്ന അഭിഭാഷകയായ നടിയോട് ഇതേപ്പറ്റി സംസാരിക്കുകയും അവർ അണിയറ പ്രവർത്തകരോട് സംസാരിച്ച് തന്റെ ഷെഡ്യൂൾ പെട്ടെന്ന് തീർത്തുതന്ന് സഹായിക്കുകയും ചെയ്‌തിരുന്നെന്നും അപർണ പറഞ്ഞു. നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് ഷൈനിനെതിരെ പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ








































