തിരുവനന്തപുരം: ആരെയും കുടിയിറക്കാതെ മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിൽ ശാശ്വത പരിഹാരം കാണാൻ തീരുമാനം. പ്രശ്‌ന പരിഹാരത്തിനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
ഹൈക്കോടതി മുൻ ആക്‌ടിങ് ചീഫ് ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ നായരെ കമ്മീഷനായി നിയമിച്ചു. മൂന്നുമാസത്തിനുള്ളിൽ കമ്മീഷൻ നടപടികൾ പൂർത്തീകരിക്കണം. ഭൂമിയുടെ ഉടമസ്‌ഥാവകാശം അടക്കമുള്ള കാര്യങ്ങൾ കമ്മീഷൻ പരിശോധിക്കും.
ഭൂമിയിൽ കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ലെന്ന് യോഗത്തിന് ശേഷം മന്ത്രി പി രാജീവ് പറഞ്ഞു. ഇനിയൊരു തീരുമാനം ഉണ്ടാകുന്നതുവരെ വഖഫ് ബോർഡ് നടപടികൾ സ്വീകരിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും അത് അവർ അംഗീകരിച്ചതാണെന്നും മന്ത്രി പറഞ്ഞു. കമ്മീഷൻ നടപടികൾക്ക് ആവശ്യമായ സംവിധാനങ്ങൾ സർക്കാർ നൽകും.
ഭൂനികുതി അടയ്‌ക്കാൻ നേരത്തെ തീരുമാനിച്ചെങ്കിലും കോടതി സ്‌റ്റേ ചെയ്‌തിരുന്നു. സ്‌റ്റേ പിൻവലിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. വഖഫ് ബോർഡ് പുതിയ നോട്ടീസ് നൽകില്ലെന്നും നൽകിയ നോട്ടീസുകളിൽ തുടർനടപടി ഉണ്ടാകില്ലെന്നും സമരം പിൻവലിക്കണമെന്നും സർക്കാർ അഭ്യർഥിച്ചു.
എന്നാൽ, ജുഡീഷ്യൽ കമ്മീഷനെ വെച്ചത് ശാശ്വത പരിഹാരമല്ലെന്നും പ്രശ്‌നപരിഹാരം നീണ്ടു പോകുമെന്നും സമരസമിതി പ്രതികരിച്ചു. റവന്യൂ അവകാശം വീണ്ടെടുക്കുക എന്നതാണ് തങ്ങളുടെ ആവശ്യമെന്നും പ്രശ്‌നപരിഹാരം നീണ്ടുപോകാൻ മാത്രമേ പുതിയൊരു ജുഡീഷ്യൽ കമ്മീഷന്റെ നിയമനം വഴിയൊരുക്കൂ എന്നും സമര സമിതി പറയുന്നു.
യോഗ തീരുമാനങ്ങൾ പുറത്തുവന്നതിന് പിന്നാലെ സമരക്കാർ പന്തം കൊളുത്തി പ്രകടനം നടത്തി. സമര സമിതി കൂടി വീണ്ടും ചർച്ച ചെയ്‌ത ശേഷം തുടർ സമരപരിപാടികൾ തീരുമാനിക്കും. 41 ദിവസമായി തുടരുന്ന സമരത്തിനൊടുവിലാണ് സർക്കാർ ഇന്ന് പ്രശ്‌നപരിഹാരത്തിന് ഉന്നതതല യോഗം വിളിച്ചത്.
അവകാശം പുനഃസ്‌ഥാപിച്ച് കിട്ടുന്നത് വരെ സമരം തുടരുമെന്ന് സമര സമിതി വ്യക്‌തമാക്കി. വർഷങ്ങളായി പ്രദേശത്തെ ജനങ്ങൾ പ്രതിസന്ധിയിലാണ്. മൽസ്യത്തൊഴിലാളികൾ ഉൾപ്പടെ സാധാരണക്കാരായ മനുഷ്യർ താമസിക്കുന്ന പ്രദേശത്ത് 600ലേറെ കുടുംബങ്ങൾ എപ്പോൾ വേണമെങ്കിലും കുടിയിറക്കപ്പെടാമെന്ന ഭീഷണിയിലാണ് കഴിയുന്നത്.
വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതോടെയാണ് മുനമ്പത്തെ കുടുംബങ്ങൾക്ക് ഭൂമിയുടെ റവന്യൂ അവകാശങ്ങൾ നഷ്‌ടമായത്. ഭൂമി സ്വന്തം പേരിലാണെങ്കിലും കരം അടയ്‌ക്കാൻ പോലും സാധിക്കാത്ത അവസ്‌ഥയാണ് നിലവിലുള്ളത്. എന്ത് വന്നാലും ഞങ്ങൾ വീടുവിട്ടിറങ്ങില്ലെന്ന് ജനങ്ങൾ പറയുന്നു.
Most Read| ആറുദിവസം കൊണ്ട് 5,750 മീറ്റർ ഉയരം താണ്ടി; കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി