കാസർഗോഡ്: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസയിൽ ടോൾ പിരിക്കുന്നതിനെതിരെ ജനകീയ സമരം ആരംഭിച്ചു. അനിശ്‌ചിതകാല സമരം കണക്കിലെടുത്ത് സ്‌ഥലത്ത് ശക്‌തമായ പോലീസ് കാവൽ ഏർപ്പെടുത്തി. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫിന്റെ നേതൃത്വത്തിലാണ് സമരം.
സമരം ആരംഭിക്കുന്നതിന് തൊട്ടുമുൻപ് സമരക്കാരും ടോൾ അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി. പോലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. തുടർന്നാണ് താൽക്കാലിക പന്തൽ കെട്ടി സമരം ആരംഭിച്ചത്. ഇന്നലെ രാവിലെമുതൽ ടോൾ പിരിക്കാൻ തുടങ്ങിയത് എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു.
പ്രതിഷേധക്കാർ ദേശീയപാത ഉപരോധിച്ചതോടെ എംഎൽഎ ഉൾപ്പടെയുള്ളവരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. പിന്നാലെ, അനിശ്‌ചിതകാല സമരം ആരംഭിക്കുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു. അതേസമയം, പ്രതിഷേധത്തിനിടയിലും ടോൾ പിരിക്കുന്നുണ്ട്.
ദേശീയപാത ചട്ടപ്രകാരം അടുത്തടുത്ത രണ്ട് ടോളുകൾക്കിടയിൽ 60 കിലോമീറ്റർ ദൂരം എന്ന നിർദ്ദേശം ലംഘിക്കുന്ന നിലയിലാണ് ഈ ടോൾ പ്ളാസ പ്രവർത്തനം ആരംഭിക്കുന്നതെന്ന് ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. ആരിക്കാടി ടോൾ പ്ളാസയും നിലവിലുള്ള തലപ്പാടി ടോൾ പ്ളാസയും തമ്മിൽ അകലം 22 കിലോമീറ്റർ മാത്രമാണുള്ളത്.
ഇതിനിടെയാണ്, ആരിക്കാടി ടോൾ പ്ളാസയിൽ തിങ്കൾ മുതൽ വാഹനങ്ങൾക്ക് ടോൾ പിരിവ് ആരംഭിക്കാൻ ദേശീയപാത അതോറിറ്റി സ്വകാര്യ കരാർ കമ്പനിയായ സ്‌കൈലാർക് ഇൻഫ്രാ സ്‌ഥാപനത്തിന് നിർദ്ദേശം നൽകിയത്. ടോൾ പിരിവ് നടത്തുന്നതിനെതിരെ ആക്ഷൻ കമ്മിറ്റി ഓഗസ്‌റ്റിൽ ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ വിധി വരുന്നത് വരെ ടോൾ പിരിവ് നടത്തില്ലെന്ന് കലക്‌ടറും ദേശീയപാത അതോറിറ്റി അധികൃതരും ആക്ഷൻ കമ്മിറ്റിയും തമ്മിൽ ധാരണയുണ്ടായിരുന്നു.
കേസ് പലപ്പോഴായി നീട്ടി വയ്‌ക്കുകയായിരുന്നു. നേരത്തെ മൂന്ന് തവണ ടോൾ പിരിവ് നടത്താനുള്ള ശ്രമം നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും ജനപ്രതിനിധികളും തടയുകയായിരുന്നു. ടോൾ പ്ളാസയ്‌ക്ക് അഞ്ചുകിലോമീറ്റർ ചുറ്റളവിൽ ഉള്ളവരുടെ വാഹനങ്ങൾക്ക് യാത്ര സൗജന്യമായിരിക്കും എന്ന് നേരത്തെ ചർച്ചകൾക്കിടയിൽ അധികൃതർ വ്യക്‌തമാക്കിയിരുന്നു.
എന്നാൽ, കടലും പുഴയും ആണ് ഇത്ര ചുറ്റളവിൽ പെടുകയെന്നതിനാൽ അത് ഒരുതരത്തിലും ഈ പ്രദേശത്തെ യാത്രക്കാർക്ക് ഗുണം ചെയ്യില്ലെന്നാണ് ആക്ഷൻ കമ്മിറ്റിൽ പറയുന്നത്. ആരിക്കാടിയിലെ ടോൾ പ്ളാസ താൽക്കാലികമാണെന്ന നിലപാടിലാണ് ദേശീയപാത അതോറിറ്റി.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം






































