പോർട്ട്ബ്ളയർ: ഇന്ത്യയുടെ ഏറ്റവും കരുത്തേറിയ ആയുധങ്ങളിൽ ഒന്നായ ബ്രഹ്മോസ് സൂപ്പർ സോണിക് മിസൈലിന്റെ കരസേന പതിപ്പ് ഇന്നലെ വിജയകരമായി പരീക്ഷിച്ചു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ വെച്ചാണ് പരീക്ഷണം നടന്നത്. മിസൈലുകൾ കുത്തനെ കുതിച്ചുയർന്ന ശേഷം ബംഗാൾ ഉൾക്കടലിലെ ലക്ഷ്യത്തിന്റെ മുകളിൽ കൃത്യമായി പതിക്കുകയായിരുന്നു.
ബ്രഹ്മോസ് മിസൈലിന്റെ നാവിക, വ്യോമസേനാ പതിപ്പുകൾ ഉപയോഗിച്ചും സമാനമായ പരീക്ഷണങ്ങൾ ഈയാഴ്ച തന്നെ നടക്കുമെന്ന് പ്രതിരോധ കേന്ദ്രങ്ങൾ അറിയിച്ചു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലാവും ബാക്കിയുള്ള പരീക്ഷണങ്ങൾ നടക്കുക.
ചൈനയുമായുള്ള അതിർത്തി തർക്കം തുടങ്ങിയ ശേഷം ഇന്ത്യ തുടർച്ചയായി നടത്തുന്ന വിവിധ മിസൈൽ പരീക്ഷണങ്ങളുടെ ഭാഗമാണിത്. ലഡാക്കിലും അരുണാചൽ പ്രദേശിലും ചൈനയ്ക്ക് മുന്നറിയിപ്പായി ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ വിന്യസിച്ചിട്ടുണ്ട്.
ശബ്ദത്തിന്റെ 2.8 മടങ്ങ് വേഗതയാണ് ബ്രഹ്മോസിന്റെ ഏറ്റവും വലിയ സവിശേഷത. 290 കിലോമീറ്റർ പരിധിയുള്ളതാണ് ഇന്നലെ പരീക്ഷണം നടത്തിയത്. ശത്രുക്കളെ മുന്നിൽ നിന്ന് ആക്രമിക്കാനുള്ള ശേഷിയുണ്ട്. ഇന്ത്യയും റഷ്യയും സംയുക്തമായാണ് മിസൈൽ വികസിപ്പിക്കുന്നത്. 450, 800 കിലോമീറ്റർ പരിധിയുള്ളവ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Read Also: പ്രവർത്തനം അവസാനിപ്പിച്ച് ഹഫ്പോസ്റ്റ് ഇന്ത്യ വെബ്സൈറ്റ്




































