ന്യൂഡെൽഹി: മദ്യനയക്കേസിൽ ഡെൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്‌തർ. ഇരുവരെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. ഡെൽഹി റൗസ് അവന്യൂ കോടതിയുടേതാണ് വിധി.
തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിത അടക്കമുള്ള കേസിലെ മുഴുവൻ പ്രതികളെയും കോടതി വിട്ടയച്ചു. അന്വേഷണം നടത്തിയ സിബിഐക്കെതിരെ കോടതി ശക്‌തമായ വിമർശനം നടത്തുകയും ചെയ്‌തു. തെളിവില്ലാത്ത കേസിൽ ഇവരെ ഉൾപ്പെടുത്തിയത് എന്തിനെന്ന് കോടതി സിബിഐയോട് ചോദിച്ചു.
കുറ്റപത്രത്തിൽ ഉന്നയിച്ചിരുന്ന ആരോപണങ്ങൾ തെളിയിക്കാൻ സിബിഐക്ക് കഴിഞ്ഞില്ലെന്ന് കോടതി കുറ്റപ്പെടുത്തി. പ്രത്യേക ജഡ്‌ജി ജിതേന്ദർ സിങ് ആണ് വിധി പറഞ്ഞത്. മനീഷ് സോസോദിയയ്‌ക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ പ്രഥമദൃഷ്‌ട്യാ സിബിഐക്ക് തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു. കേസ് അന്വേഷിച്ച ഉദ്യോഗസ്‌ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.
ആയിരക്കണക്കിന് പേജുകളുള്ള സിബിഐ കുറ്റപത്രത്തിൽ ആരോപണങ്ങൾ തെളിയിക്കാൻ പര്യാപ്‌തമായ സാക്ഷിമൊഴികൾ ഒന്നുംതന്നെ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ അറസ്‌റ്റിലായ കെജ്‌രിവാൾ രണ്ടുതവണയായി 156 ദിവസവും സിസോദിയ 530 ദിവസവും ജയിലിൽ കിടന്നു.
അതേസമയം, സത്യം ജയിച്ചുവെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞ കെജ്‌രിവാൾ പൊട്ടിക്കരഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ചേർന്ന് കെട്ടിച്ചമച്ച കേസാണിതെന്നും കെജ്‌രിവാൾ പറഞ്ഞു.
ആംആദ്‌മി പാർട്ടിക്കും കെജ്രിവാളിനും വലിയ ആശ്വാസം നൽകുന്നതാണ് കോടതി വിധി. 2022ലെ മദ്യനയവുമായി ബന്ധപ്പെട്ട് ഏകദേശം 1000 കോടി രൂപയുടെ അഴിമതി നടന്നെന്നായിരുന്നു പ്രധാന ആരോപണം. മദ്യക്കമ്പനികൾക്ക് ഇളവുകൾ നൽകിയതിലൂടെ ലഭിച്ച കമ്മീഷൻ തുക ഗോവ തിരഞ്ഞെടുപ്പിലടക്കം എഎപി ഉപയോഗിച്ചുവെന്ന ആരോപണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്ന് കോടതി കണ്ടെത്തി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എഎപിക്കെതിരെ ബിജെപി ഏറ്റവും വലിയ രാഷ്‌ട്രീയ ആയുധമായി ഉപയോഗിച്ചത് ഈ കേസായിരുന്നു. കെജ്‌രിവാൾ നേരിട്ട് പണം വാങ്ങിയെന്നും മനീഷ് സിസോദിയ ഇതിന് ഇടനിലക്കാരനായി നിന്നുവെന്നുമായിരുന്നു ബിജെപിയുടെ പ്രധാന ആരോപണം. ബിജെപിക്ക് ഡെൽഹിയിൽ അധികാരത്തിലേറാൻ വഴിതുറന്ന ആരോപണങ്ങളാണ് ഇവയെങ്കിലും, കോടതിയിൽ ഇവയൊന്നും തെളിയിക്കാൻ സിബിഐക്ക് കഴിഞ്ഞില്ല.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!




































