ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ ഡെൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി നൽകിയത്.
ഇരുവരെയും വിചാരണ ചെയ്യണമെന്ന ഡെൽഹി ലഫ്. ഗവർണർ വികെ സക്സേന നൽകിയ ശുപാർശയ്ക്ക് ഒരുമാസത്തിന് ശേഷമാണ് അംഗീകാരം ലഭിച്ചത്. നാലാം തവണയും വിജയം ലക്ഷ്യമിട്ട് കെജ്രിവാളിന്റെ നേതൃത്വത്തിൽ എഎപി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. കെജ്രിവാൾ സർക്കാരിനെതിരെ ബിജെപി സർക്കാർ ഉയർത്തിയ ഏറ്റവും വലിയ അഴിമതി ആരോപണമായിരുന്നു ഡെൽഹി മദ്യനയ അഴിമതി.
ഡെൽഹി സർക്കാരിന്റെ എക്സൈസ് നയവുമായി ബന്ധപ്പെട്ട് ഇഡിയും സിബിഐയും എടുത്ത പ്രത്യേക കേസുകളിൽ കഴിഞ്ഞവർഷം സുപ്രീം കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. തന്റെ പ്രോസിക്യൂഷന് മുൻകൂർ അനുമതിയില്ലാതെ ഇഡി കുറ്റപത്രം പരിഗണിച്ച വിചാരണാ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കെജ്രിവാൾ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു.
ഒമ്പത് സമൻസ് അയച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്ന് 2024 മാർച്ച് 21ന് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ സിബിഐയും അറസ്റ്റ് രേഖപ്പെടുത്തി. ഇഡി കേസിൽ ജൂലൈ 12നും സിബിഐ കേസിൽ സെപ്തംബർ 13നും സുപ്രീം കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചു. സെപ്തംബർ 17ന് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ചെയ്തു.
അഴിമതി നിരോധന നിയമപ്രകാരം 2023 ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. തുടർന്ന് അതേവർഷം മാർച്ച് ഒമ്പതിന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്തു. 2024 ഓഗസ്റ്റ് ഒമ്പതിനാണ് മനീഷ് സിസോദിയയ്ക്ക് ജാമ്യം ലഭിച്ചത്.
Most Read| ബന്ദികളുടെ മോചനം രണ്ടുഘട്ടമായി, ഗാസയിൽ സമാധാനം പുലരുമോ?





































