‘നിങ്ങൾ സന്തോഷത്തിലെങ്കിൽ ഞാനും സന്തോഷത്തിൽ ആയിരിക്കും’; കെജ്‌രിവാൾ തിരികെ ജയിലിലേക്ക്

സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.

By Trainee Reporter, Malabar News
Aravind Kejriwal
Ajwa Travels

ന്യൂഡെൽഹി: മദ്യനയക്കേസിൽ ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതോടെ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് തിരികെ തിഹാർ ജയിലിലേക്ക് മടങ്ങും. സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.

ജാമ്യം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹരജി സ്വീകരിക്കാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിച്ചു. എന്നാൽ, ഉത്തരവ് ബുധനാഴ്‌ചത്തേക്ക് മാറ്റി. ഇതോടെയാണ് ജയിലിലേക്കുള്ള മടക്കം ഉറപ്പായത്.

വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത് വഴി സുപ്രീം കോടതി നൽകിയ ജാമ്യം നീട്ടാനാണ് ശ്രമിക്കുന്നതെന്നും അത് അനുവദിക്കരുതെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു കോടതിയിൽ വാദിച്ചു. ഇടക്കാല ജാമ്യം ലഭിക്കണമെങ്കിൽ പ്രതി കസ്‌റ്റഡിയിൽ ആയിരിക്കണമെന്നും വാദിച്ചു. സുപ്രീം കോടതി നൽകിയ ഇടക്കാല ജാമ്യം നീട്ടണമെന്നല്ല, പകരം ആരോഗ്യപ്രശ്‌നങ്ങൾ പരിഗണിച്ചുള്ള പുതിയ ഇടക്കാല ജാമ്യത്തിനാണ് കെജ്‌രിവാൾ അപേക്ഷിക്കുന്നതെന്ന് വിചാരണക്കോടതി നിരീക്ഷിച്ചു.

മാർച്ച് 21നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തത്‌. മേയ് പത്തിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി ജൂൺ രണ്ടിന് ജയിലിലേക്ക് മടങ്ങണമെന്നും നിർദ്ദേശിച്ചിരുന്നു. ഇന്നലെ ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗത്തിലടക്കം കെജ്‌രിവാൾ പങ്കെടുത്തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെയാണ് കെജ്‌രിവാളിന്റെ മടക്കം.

അതിനിടെ, ജയിലിലേക്ക് മടങ്ങാനിരിക്കെ ഒരിക്കൽ കൂടി കെജ്‌രിവാൾ ജനങ്ങളെ അഭിസംബോധന ചെയ്‌തു. ‘നിങ്ങൾ സന്തോഷത്തിലെങ്കിൽ ജയിലിൽ ഞാനും സന്തോഷത്തിലായിരിക്കുമെന്ന്’ കേജ്‌രിവാൾ പറഞ്ഞു. ജയിലിലേക്ക് തിരിച്ചു പോകും മുമ്പ് കെജ്‌രിവാൾ രാവിലെ രാജ്‌ഘട്ടിലും പിന്നീട് ഹനുമാൻ ക്ഷേത്രത്തിലും പോകും. ഉച്ചയ്‌ക്ക് പാർട്ടി ഓഫീസിലെത്തി പ്രവർത്തകരെ കണ്ട ശേഷം മൂന്ന് മണിക്ക് ജയിലിലേക്ക് മടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം, കെജ്‌രിവാൾ ജയിലിലേക്ക് മടങ്ങുന്നതോടെ ആംആദ്‌മി പാർട്ടിക്കും ഡെൽഹി സർക്കാരിനും കടുത്ത വെല്ലുവിളികളാണുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് നേതാവ് ജയിലിലേക്ക് മടങ്ങുന്നത് പാർട്ടിക്കുള്ളിൽ വലിയ നേതൃത്വ പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അതിനിടെ, കെജ്‌രിവാളിന്റെ ഭാര്യ സുനിതയെ മുൻനിരയിൽ എത്തിക്കാനുള്ള ശ്രമങ്ങളിലും ചില നേതാക്കൾക്ക് അതൃപ്‌തി ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

Most Read| സ്‌കൂളുകൾ നാളെ തുറക്കും; പുതിയ അധ്യയന വർഷം മാറ്റങ്ങളുടേതെന്ന് വിദ്യാഭ്യാസ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE