നമ്മളിൽ ഭൂരിഭാഗം പേർക്കും ഇഷ്‌ടമില്ലാത്ത ഒരു വിഷയമായിരിക്കും കണക്ക്. എന്നാൽ, കണക്ക് ഇഷ്‌ടപ്പെടുന്നവരും ഉണ്ട് കേട്ടോ. കണക്ക് കൊണ്ട് അമ്മാനമാടുന്ന ഒരു ഇന്ത്യൻ വിദ്യാർഥിയുണ്ട്. 14 വയസുകാരനായ ആര്യൻ ശുക്ളയാണ് ഈ വിരുതൻ.
മറ്റു പലരും കാൽക്കുലേറ്റർ സഹായത്തോടെ ചെയ്യുന്ന കണക്കുകൾ മനക്കണക്കാക്കി ചെയ്യുമെന്നതാണ് ആര്യന്റെ പ്രത്യേകത. ഇതാണ് അവനെ ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹനാക്കിയതും. മഹാരാഷ്‌ട്രയിൽ നിന്നുള്ള വിദ്യാർഥിയാണ് ആര്യൻ.
അടുത്തിടെ ആറ് ഗണിത റെക്കോർഡുകളാണ് ആര്യൻ സ്വന്തമാക്കിയത്. ഒറ്റ ദിവസത്തിലായിരുന്നു ഇത്. ഇതോടെ ‘ഹ്യൂമൻ കാൽക്കുലേറ്റർ’ എന്ന വിശേഷണവും ആര്യന് ലഭിച്ചു. ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ആര്യന്റെ നേട്ടം സാക്ഷ്യപ്പെടുത്തി.
നൂറ് നാലക്ക സംഖ്യകൾ ഏറ്റവും വേഗത്തിൽ കൂട്ടാനുള്ള കഴിവാണ് റെക്കോർഡുകളിൽ ഒന്ന്. വെറും 30.9 സെക്കൻഡ് സമയത്തിലാണ് ആര്യൻ ഇത് സാധിച്ചത്. 200 നാലക്ക നമ്പറുകൾ ഒരുമിനിറ്റ് 9.68 സെക്കൻഡുകൾ കൊണ്ട് കൂട്ടാനും 50 അഞ്ചക്ക സംഖ്യകൾ 18.71 സെക്കൻഡുകൾ കൊണ്ട് കൂട്ടാനും ആര്യന് പറ്റി. വേഗത്തിൽ സങ്കീർണ സംഖ്യകളെ ഗുണിക്കാനും ഹരിക്കാനും സാധിച്ചതും ആര്യന്റെ നേട്ടമാണ്.
ഗിന്നസ് ലോക റെക്കോർഡുകൾ ദുബായിൽ നടത്തിയ പരിപാടിയിലാണ് ഈ റെക്കോർഡുകൾ. ഗിന്നസ് ലോക റെക്കോർഡുകളുടെ സൈറ്റിൽ ഈ റെക്കോർഡിന്റെ വീഡിയോയും അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. നിത്യവുമുള്ള യോഗാഭ്യാസമാണ് ഗണിതത്തിലുള്ള ഈ അപാരശേഷിക്ക് പിന്നിലെന്നാണ് ആര്യൻ പറയുന്നത്. ദിവസവും അഞ്ചോ ആറോ മണിക്കൂറുകൾ ആര്യൻ ഗണിതം പരിശീലിക്കാറുണ്ട്.
Most Read| കഴിഞ്ഞവർക്ക് ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാം; വ്യക്‌തി നിയമ ഭേദഗതിയുമായി യുഎഇ