തിരുവനന്തപുരം: ആശാപ്രവർത്തകരുടെ രാപ്പകൽ സമര യാത്രയ്‌ക്ക് ഇന്ന് തുടക്കം. കാസർഗോഡ് നിന്ന് ആരംഭിച്ച് ജൂൺ 17ന് തിരുവനന്തപുരത്ത് മഹാറാലിയോടെ അവസാനിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
45 ദിവസം നീണ്ടുനിൽക്കുന്ന സമരജാഥ സാമൂഹിക പ്രവർത്തകൻ ഡോ. ആസാദ് ഉൽഘാടനം ചെയ്യും. കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്‌ഥാന ജനറൽ സെക്രട്ടറി എംഎ ബിന്ദു ആയിരിക്കും ജാഥാ ക്യാപ്റ്റൻ.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ അനുകൂല്യമായി അഞ്ചുലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കർമാർ തുടങ്ങിയ സമരം സംസ്‌ഥാനമാകെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാപ്പകൽ യാത്രയുമായി ആശമാർ രംഗത്തെത്തിയത്. അനിശ്‌ചിതകാല സമരത്തിന്റെ 85ആം ദിവസമാണ് രാപ്പകൽ യാത്ര ആരംഭിക്കുന്നത്.
ആവശ്യങ്ങൾ പരിഗണിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ആശാ പ്രവർത്തകർ. സമര യാത്രയ്‌ക്കൊപ്പം സെക്രട്ടറിയേറ്റ് പടിക്കലെ രാപ്പകൽ സമരവും തുടരും. സമര യാത്രയുടെ പശ്‌ചാത്തലത്തിൽ നിരാഹാര സമരം കഴിഞ്ഞദിവസം അവസാനിപ്പിച്ചിരുന്നു.
Most Read| നിർണായക ധാതുകരാറിൽ ഒപ്പുവെച്ച് യുഎസും യുക്രൈനും; റഷ്യയ്‌ക്ക് മുന്നറിയിപ്പ്