തിരുവനന്തപുരം: അവകാശ പോരാട്ടത്തിനെതിരെ മുഖം തിരിക്കുന്ന സർക്കാരിന് നേരെ മുടി മുറിച്ചെറിഞ്ഞ് ആശാ വർക്കർമാരുടെ പ്രതിഷേധം. വേതന വർധനവ് ഉൾപ്പടെ ആവശ്യപ്പെട്ട് 50 ദിവസമായി തുടരുന്ന സമരത്തിനോട് അനുഭാവപൂർവമായ സമീപനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം കടുപ്പിച്ച് മുടിമുറിക്കൽ പ്രതിഷേധത്തിലേക്ക് നീങ്ങാൻ ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചത്.
അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു സമരമെന്ന് സമരസമിതി നേതാവ് എസ് മിനി പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ആദ്യം മുടി അഴിച്ചിട്ട് പ്രകടനം നടത്തി. പിന്നാലെ മുടി മുറിച്ച് പ്രതിഷേധിച്ചു. ഒരാൾ തല മുണ്ഡനം ചെയ്‌തു. പലരും ഇത് കണ്ട് വിതുമ്പിക്കരയുകയായിരുന്നു.
മുലക്കരത്തിന് എതിരെ മുല ഛേദിച്ച് നടത്തിയ സമരത്തെ കുറിച്ചൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. ആൽമാഭിമാനത്തിന് വേണ്ടിയാണ് ഈ സമരമെന്നും മിനി പറഞ്ഞു. അധികാരികളുടെ മുന്നിൽ അടിമയായി നിന്ന് പണിയെടുത്താൽ കിട്ടുന്ന 232 രൂപ വർധിപ്പിക്കണമെന്നാണ് ആവശ്യമെന്നും മിനി പറഞ്ഞു. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്നും എത്ര ദിവസം കഴിഞ്ഞാലും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും സമരസമിതി നേതാവ് എംഎ ബിന്ദു പറഞ്ഞു.
വിരമിക്കുന്നവർക്ക് പെൻഷൻ ഉറപ്പാക്കുക, ഓണറേറിയം വർധിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി പത്തിനാണ് ആശാ വർക്കേഴ്‌സ് സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്‌ചിതകാല രാപ്പകൽ സമരം ആരംഭിച്ചത്. പിന്നീട് ഇത് നിരാഹാര സമരത്തിലേക്ക് കടക്കുകയായിരുന്നു. ഇടതുപക്ഷം ഒഴികെയുള്ള രാഷ്‌ട്രീയ നേതാക്കൾ സമരവേദയിലെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ