തിരുവനന്തപുരം: തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി ആശാ വർക്കർമാർ നാളെ ചർച്ച നടത്തും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മന്ത്രിയുടെ ചേംബറിൽ വെച്ചാണ് ചർച്ച. കൂടിക്കാഴ്‌ച അനുവദിക്കണമെന്ന സമരനേതാക്കളുടെ ആവശ്യമാണ് സർക്കാർ അംഗീകരിച്ചത്.
കഴിഞ്ഞ 19ന് ലേബർ കമ്മീഷണർക്ക് സമരസമിതി കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രി വി ശിവൻകുട്ടി ഇ-മെയിൽ അയച്ചിരുന്നതായും സമരനേതാവ് വികെ സദാനന്ദൻ പറഞ്ഞിരുന്നു. എന്നാൽ, തനിക്ക് ഇതുവരെയും സമരക്കാർ ഒരു അപേക്ഷയും നൽകിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ വാദം.
സർക്കാരും സമരക്കാരും തമ്മിൽ മൂന്നുവട്ടം ചർച്ച നടന്നെങ്കിലും പ്രശ്‌നപരിഹാരത്തിന് കളമൊരുങ്ങിയിരുന്നില്ല. ഓണറേറിയം കൂട്ടുന്നതും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുന്നതും അടക്കമുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനമെടുത്ത് ഉത്തരവിറക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നാണ് സമര സമിതിയുടെ നിലപാട്.
അതേസമയം, ആശാ വർക്കർമാരുടെ രാപ്പകൽ സമരം ഇന്ന് 56ആം ദിവസത്തിലേക്ക് കടന്നിരുന്നു. നിരാഹാര സമരം 18ആം ദിവസത്തിലാണ്. ആനുകൂല്യം നൽകുക, വിരമിക്കുന്നവർക്ക് പെൻഷൻ ഉറപ്പാക്കുക, ഓണറേറിയം വർധിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി പത്തിനാണ് ആശാ വർക്കേഴ്‌സ് സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്‌ചിതകാല രാപ്പകൽ സമരം ആരംഭിച്ചത്. പിന്നീട് ഇത് നിരാഹാര സമരത്തിലേക്കും മുടി മുറിച്ചുള്ള പ്രതിഷേധത്തിലേക്കും കടക്കുകയായിരുന്നു.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ