തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കമാർ നടത്തുന്ന രാപ്പകൽ സമരം 48ആം ദിവസത്തിലേക്ക് കടന്നു. മൂന്ന് ആശാ വർക്കർമാരുടെ നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നു. ബീന പീറ്റർ, അനിതകുമാരി, ഷൈലജ എന്നിവരാണ് നിരാഹാര സമരം തുടരുന്നത്.
ആവശ്യങ്ങൾ ഇതുവരെ സർക്കാർ പരിഗണിക്കാത്ത സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സമരം കടുപ്പിക്കാനാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ തീരുമാനം. സമരത്തിന്റെ അമ്പതാം ദിവസമായ തിങ്കളാഴ്‌ച സെക്രട്ടറിയേറ്റിന് മുന്നിൽ മുടി മുറിച്ച് സമരം ചെയ്യാനും തീരുമാനമുണ്ട്.
നിരാഹാര സമരം ആരംഭിച്ചതിന് ശേഷം സർക്കാർ സമരക്കാരെ ഇതുവരെ ചർച്ചയ്‌ക്ക് വിളിച്ചിട്ടില്ല. സമരം ചെയ്യുന്നവർക്ക് ഫെബ്രുവരി മാസത്തെ അനുകൂല്യങ്ങൾ പ്രതികാര നടപടിയുടെ ഭാഗമായി സർക്കാർ നൽകുന്നില്ലെന്നും സമരക്കാർ ആരോപിക്കുന്നു.
ആനുകൂല്യം നൽകുക, വിരമിക്കുന്നവർക്ക് പെൻഷൻ ഉറപ്പാക്കുക, ഓണറേറിയം വർധിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി പത്തിനാണ് ആശാ വർക്കേഴ്‌സ് സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്‌ചിതകാല രാപ്പകൽ സമരം ആരംഭിച്ചത്. പിന്നാലെ ഇത് നിരാഹാര സമരത്തിലേക്ക് നീങ്ങുകയായിരുന്നു.
അതേസമയം, വിഷയത്തിൽ കേരള സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നും, കേന്ദ്രമാണ് നടപടി എടുക്കേണ്ടതെന്നുമാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഉൾപ്പടെ പ്രതികരണം. അതിനിടെ, ആശാ വർക്കർമാർക്ക് ഓണറേറിയം വർധിപ്പിച്ച് വിവിധ നഗരസഭകളും പഞ്ചായത്തുകളും രംഗത്തെത്തി. യുഡിഎഫ് ഭരിക്കുന്ന പെരുമ്പാവൂർ, മണ്ണാർക്കാട്, മരട് നഗരസഭകളും ബിജെപി ഭരിക്കുന്ന കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്തുമാണ് അധിക ഓണറേറിയം പ്രഖ്യാപിച്ചിരിക്കുന്നത്.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ