തിരുവനന്തപുരം: സർക്കാർ മുഖംതിരിക്കുന്ന സാഹചര്യത്തിൽ സമരം ശക്‌തമാക്കാനൊരുങ്ങി ആശാ വർക്കർമാർ. സമരം സംസ്‌ഥാനമൊട്ടാകെ വ്യാപിപ്പിക്കാനുള്ള നടപടികളിലേക്കാണ് നീങ്ങുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ രാപ്പകൽ യാത്രകൾ സംഘടിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. മേയ് അഞ്ചുമുതൽ ജൂൺ 17 വരെയാണ് രാപ്പകൽ യാത്ര.
കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്‌ഥാന ജനറൽ സെക്രട്ടറി എംഎ ബിന്ദു ആയിരിക്കും ജാഥാ ക്യാപ്റ്റൻ. ഇന്ന് സ്വന്തം നിലയ്‌ക്ക് ആശാ വർക്കർമാർക്ക് ഓണറേറിയം വർധിപ്പിച്ച തദ്ദേശസ്‌ഥാപന പ്രതിനിധികളെ സമരവേദിയിൽ ആദരിച്ചിരുന്നു. പിന്നാലെയാണ് രാപ്പകൽ സമര പ്രഖ്യാപനം.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ അനുകൂല്യമായി അഞ്ചുലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ആശാ വർക്കർമാർ ആരംഭിച്ച സമരം ഇന്ന് 71ആം ദിവസമാണ്. അനിശ്‌ചിതകാല നിരാഹാര സമരവും ഒരുമാസം പിന്നിട്ടു. ആരോഗ്യമന്ത്രിയുമായി അവസാനം ചർച്ച നടത്തിയത് മാർച്ച് 19നാണ്. ഈ ചർച്ച പരാജയപ്പെട്ടിരുന്നു. സമരം രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമാണെന്നാണ് സർക്കാർ വാദം.
അതിനിടെ, ആശമാരുടെ വിരമിക്കൽ പ്രായം 62 ആക്കിയത് സർക്കാർ മരവിപ്പിച്ചിരുന്നു. വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിച്ച ശേഷം പ്രായം നിശ്‌ചയിക്കണമെന്നായിരുന്നു സമരം നടത്തുന്ന ആശമാരുടെ ആവശ്യം. വിരമിക്കൽ പ്രായം 62 ആക്കിയ ഉത്തരവ് പിൻവലിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ