വാഷിങ്ടൻ: ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ അനധികൃതമായി കൈവശം വെച്ചതിന് ഇന്ത്യൻ വംശജനായ ആഷ്‌ലി ടെല്ലിസിനെ എഫ്ബിഐ അറസ്‌റ്റ് ചെയ്‌തു. പെന്റഗണിൽ കരാർ അടിസ്‌ഥാനത്തിലും സർക്കാരിന്റെ ഉപദേഷ്‌ടാവായും പ്രവർത്തിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വിദഗ്‌ധനാണ് ആഷ്‌ലി. വ്യോമസേനയുടെ തന്ത്രങ്ങളും സാങ്കേതിക വിദ്യകളും സംബന്ധിച്ച രേഖകൾ അനധികൃതമായി കൈകാര്യം ചെയ്യുകയും കടത്തിക്കൊണ്ടു പോവുകയും ചെയ്‌തതായി കോടതി രേഖകൾ വ്യക്‌തമാക്കുന്നു.
ടെല്ലിസ് കഴിഞ്ഞ കുറേ വർഷങ്ങളായി ചൈനീസ് സർക്കാർ ഉദ്യോഗസ്‌ഥരുമായി നിരവധി തവണ കൂടിക്കാഴ്‌ച നടത്തിയതായി എഫ്ബിഐ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. 2023 ഏപ്രിലിൽ വാഷിങ്ടന് സമീപമുള്ള ഒരു സ്‌ഥലത്ത് വെച്ച് ചൈനീസ് ഉദ്യോഗസ്‌ഥരുമായി ടെല്ലിസ് അത്താഴവിരുന്നിൽ പങ്കെടുത്തെന്ന് എഫ്ബിഐ പറയുന്നു.
ഇറാൻ-ചൈന ബന്ധത്തെക്കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പടെയുള്ള പുതിയ സാങ്കേതിക വിദ്യകളെ കുറിച്ചും ടെല്ലിസ് സംസാരിച്ചു. അത്താഴവിരുന്ന് നടക്കുന്ന സ്‌ഥലത്തേക്ക് ഒരു കവർ അദ്ദേഹം കൊണ്ടുപോയെന്നും തിരികെ പോകുമ്പോൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനീസ് ഉദ്യോഗസ്‌ഥർ ടെല്ലിസിന് സമ്മാനപ്പൊതികൾ നൽകിയതായും കണ്ടെത്തി.
സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ശമ്പളമില്ലാത്ത ഉപദേഷ്‌ടാവാണ് ടെല്ലിസ്. സുരക്ഷാ ഭീഷണികൾ മുൻകൂട്ടി കാണുന്നതിനുള്ള പെന്റഗണിന്റെ ആഭ്യന്തര വിഭാഗത്തിലെ കരാർ ജീവനക്കാരനുമാണ്. ദേശീയ പ്രതിരോധ വിവരങ്ങൾ അനധികൃതമായി കൈവശം വെച്ചതിന് ടെല്ലിസിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ പരമാവധി പത്തുവർഷം വരെ തടവും പിഴയും ലഭിക്കാം. സ്വത്തുക്കൾ കണ്ടുകെട്ടാം.
Most Read| പാലിയേക്കര ടോൾ വിലക്ക് തുടരും; റോഡിന്റെ അവസ്‌ഥയെ കുറിച്ച് വിവരം തേടി ഹൈക്കോടതി








































