ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ നിന്ന് പാക്കിസ്ഥാൻ പിൻമാറില്ല. തുടക്കത്തിൽ മൽസരം പാക്കിസ്ഥാൻ ബഹിഷ്കരിക്കുമെന്ന് റിപ്പോർട് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ടീം തീരുമാനത്തിൽ നിന്ന് പിന്നാക്കം പോയതായാണ് അറിയുന്നത്. ഇന്ത്യൻ സമയം ഏഴുമണിവരെ ഹോട്ടലിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതിരുന്ന പാക്ക് ടീം ഒടുവിൽ ഏഴരയോടെ സ്റ്റേഡിയത്തിലേക്ക് യാത്ര തിരിച്ചു.
ഇതോടെ മൽസരം തുടങ്ങാൻ ഒരു മണിക്കൂറെങ്കിലും വൈകുമെന്ന് ഉറപ്പായി. ഇന്ത്യൻ സമയം രാത്രി എട്ടുമണിക്കായിരുന്നു പാക്ക്-യുഎഇ മൽസരം തുടങ്ങേണ്ടിയിരുന്നത്. ഇന്ത്യയുമായുള്ള ഹസ്തദാന വിവാദത്തിന്റെ ചുവടുപിടിച്ചാണ് അസാധാരണ സംഭവങ്ങൾ. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പാക്ക് ആവശ്യം ഐസിസി തള്ളിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പാക്ക് സംഘം മൽസരം ബഹിഷ്കരിക്കാൻ ആലോചിച്ചത്.
ഏഷ്യാ കപ്പിൽ ഗ്രൂപ്പ് ബിയിൽ പാക്കിസ്ഥാനും യുഎഇയും ഇന്ന് രാത്രി എട്ടുമണിക്ക് നേർക്കുനേർ വരാനിരിക്കെയാണ് നാടകീയ സംഭവങ്ങൾ. ഇന്ത്യയുമായുള്ള പോരാട്ടത്തിൽ ഏഴ് വിക്കറ്റിന് പാക്കിസ്ഥാൻ തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം.
ടോസിങ്ങിനിടെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക്ക് നായകൻ സൽമാൻ ആഗയുമായി ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചു. ഇന്ത്യയുടെ വിജയത്തിന് ശേഷവും കളിക്കാർ പരസ്പരം കൈ കൊടുക്കാതെയാണ് പിരിഞ്ഞത്. ഇതാണ് പാക്ക് ക്രിക്കറ്റ് ബോർഡിനെ ചൊടിപ്പിച്ചത്.
ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റനുമായി ഹസ്തദാനം ചെയ്യരുതെന്ന് പൈക്രോഫ്റ്റ്, ക്യാപ്റ്റൻ സൽമാൻ അലി ആഗയോട് ആവശ്യപ്പെട്ടിരുന്നുവെന്നും പൈക്രൊഫ്റ്റിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കണമെന്നുമാണ് പാക്കിസ്ഥാൻ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നത്. പൈക്രോഫ്റ്റ് അധികാര പരിധി ലംഘിച്ചെന്നും പക്ഷപാതം കാണിച്ചെന്നും പിസിബി ആരോപിച്ചു.
പൈക്രോഫ്റ്റിനെ നീക്കാത്തപക്ഷം ഏഷ്യാ കപ്പിലെ അടുത്ത കളികൾ ബഹിഷ്കരിക്കുമെന്നും പാക്കിസ്ഥാൻ ഭീഷണി മുഴക്കി. ഐസിസിക്ക് പുറമെ, ക്രിക്കറ്റിലെ നിയമങ്ങളുടെ ആധികാരികത ക്ളബായ എംസിസിക്കും പാക്കിസ്ഥാൻ പരാതി നൽകിയിട്ടുണ്ട്. മാച്ച് റഫറിയെ അടിയന്തിരമായി പുറത്താക്കിയില്ലെങ്കിൽ യുഎഇക്കെതിരായ അടുത്ത കളി മുതൽ ബഹിഷ്കരിക്കുമെന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഭീഷണി.
Most Read| 70ആം വയസിൽ സ്കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി






































