തൃശൂർ: അതിരപ്പിള്ളി വനമേഖലയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവെച്ചു. പിന്നാലെ അൽപ്പദൂരം നടന്ന ആന മയങ്ങിവീണു. ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടിവെച്ചത്. ആനയെ ചികിൽസിക്കാനുള്ള രണ്ടാംഘട്ട ദൗത്യത്തിന്റെ ഭാഗമായാണ് മയക്കുവെടിവെച്ചത്.
ആനയെ പിടികൂടി ലോറിയിൽ കയറ്റി കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്ക് മാറ്റും. പിന്നാലെ തുടർ ചികിൽസ നൽകും. കോന്നി സുരേന്ദ്രൻ, കുഞ്ചു, വിക്രം തുടങ്ങിയ കുങ്കിയാനകളാണ് കൊമ്പനെ തളയ്ക്കുന്നതിനായി എത്തിയത്. ആനയെ എലിഫന്റ് ആംബുലൻസിലേക്ക് മാറ്റിയിട്ടുണ്ട്.
വെടിയേൽക്കും മുൻപ് കൂടെയുണ്ടായിരുന്ന ഗണപതി എന്ന മറ്റൊരു കാട്ടാന കൊമ്പനെ കുത്തിമറിച്ചിട്ടിരുന്നു. വെടിവെച്ച് ഭയപ്പെടുത്തിയാണ് സംഘം ഗണപതിയെ തുരത്തിയത്. പിന്നീടാണ് മുറിവേറ്റ കാട്ടാനയെ മയക്കുവെടി വെച്ചത്. വെറ്റിലപ്പാറയ്ക്ക് സമീപം എണ്ണപ്പനത്തോട്ടത്തിലെ പുഴയിലേക്കിറങ്ങിയ ആന തുരുത്തിലേക്ക് നീങ്ങുമ്പോഴാണ് മയക്കുവെടി വെച്ചത്.
ഉദ്യോഗസ്ഥർ അഞ്ച് ടീമുകളായി തിരിഞ്ഞാണ് ദൗത്യം നടത്തുന്നത്. ട്രാക്കിങ്, സപ്പോർട്ടിങ്, ഡാർട്ടിങ്, കുങ്കി, ട്രാൻസ്പോർട്ടേഷൻ എന്നിങ്ങനെയാണ് ടീമുകളെ തരംതിരിച്ചത്. പ്ളാന്റേഷൻ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ജനുവരി 15 മുതലാണ് മുറിവേറ്റ കൊമ്പനെ പ്ളാന്റേഷൻ എസ്റ്റേറ്റിൽ കണ്ടുതുടങ്ങിയത്. 24ന് ആനയെ പിടികൂടി ചികിൽസ നൽകിയിരുന്നു. എന്നാൽ, പിന്നീട് മുറിവിൽ പുഴുവരിച്ച നിലയിൽ കാണപ്പെട്ടതിനെ തുടർന്നാണ് ചികിൽസ തുടരാൻ തീരുമാനിച്ചത്.
Most Read| യുഎസുമായുള്ള ചർച്ച വിജയം; യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് റഷ്യ








































