തൃശൂർ: ആതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. വാഴച്ചാൽ ശാസ്‌താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവിൽ കുടിൽക്കെട്ടി താമസിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ എത്തിയവരായിരുന്നു ഇവർ. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്.
കാട്ടാനക്കൂട്ടം പിന്തുടർന്ന് അക്രമിക്കുകയായിരുന്നെന്നും ചിതറിയോടിയ ഇവരെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്‌ത്തുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. അംബികയുടെ മൃതദേഹം പുഴയിൽ നിന്നും സതീഷിന്റേത് പാറപ്പുറത്ത് നിന്നുമാണ് കണ്ടെത്തിയത്. സംഘത്തിൽ കൂടുതൽപ്പേർ ഉണ്ടായിരുന്നോ എന്ന അന്വേഷണവും പുരോഗമിക്കുകയാണ്.
വനംവകുപ്പ് സ്‌ഥലത്തെത്തി മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. 24 മണിക്കൂറിനകം ഇതേ മേഖലയിൽ മൂന്നുപേരുടെ ജീവനാണ് കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത്. മലക്കപ്പാറയിൽ ഇന്നലെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!