കൊല്ലം: ജില്ലാ ആശുപത്രിയിൽ ഡോക്‌ടർമാർക്കും ജീവനക്കാർക്കും പോലീസിനും നേരെ ആക്രമണം. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. ആക്രമണത്തിൽ 3 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൂടാതെ ആക്രമണം നടത്തിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.
പൻമന സ്വദേശി അബൂ സുഫിയാൻ, രാമൻകുളങ്ങര സ്വദേശി സുജിദത്ത് എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവർക്ക് ശക്‌തികുളങ്ങരയിൽ വച്ച് അപകടത്തിൽ പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് ഇരുവരും കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിൽസ തേടുകയും, മുറിവിൽ മരുന്ന് പുരട്ടുന്നതിനിടെ ആക്രമണം നടത്തുകയും ചെയ്യുകയായിരുന്നു.
ആശുപത്രി ജീവനക്കാരെ മർദ്ദിക്കുകയും, ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ആക്രമണത്തിൽ ഡോക്‌ടർമാർ ഉൾപ്പടെയുള്ളവർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. തുടർന്ന് പോലീസ് എത്തിയെങ്കിലും പ്രതികൾ പോലീസുമായും വാക്കുതർക്കത്തിൽ ഏർപ്പെട്ടു. പിന്നാലെ ഏറെ പണിപ്പെട്ടാണ് ഇവരെ അറസ്‌റ്റ് ചെയ്‌ത് നീക്കിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത ഇവരെ നിലവിൽ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്‌തിരിക്കുകയാണ്.
Read also: ചായക്കട നടത്തി 26 രാജ്യങ്ങൾ സഞ്ചരിച്ച വിജയൻ വിടപറഞ്ഞു