ന്യൂഡെൽഹി: ഡോ. വന്ദന ദാസ് കൊലപാതക കേസ് പ്രതി സന്ദീപിന്റെ വിടുതൽ ഹരജി സുപ്രീം കോടതി തള്ളി. വിടുതൽ ഹരജി ഒരു കാരണവശാലും അംഗീകരിക്കാൻ ആവില്ലെന്ന് വ്യക്‌തമാക്കിയ കോടതി, പ്രതിയുടെ ജാമ്യാപേക്ഷയിൽ സംസ്‌ഥാനത്തിന് നോട്ടീസ് നൽകി. വിടുതൽ ഹർജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വ്യക്‌തമാണെന്നും സുപ്രീം കോടതി പറഞ്ഞു.
കൃത്യസമയത്ത് നല്ല ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ വന്ദനയുടെ ജീവൻ രക്ഷപ്പെടുത്താൻ സാധിക്കുമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ, ഇത് വാദത്തിന് മാത്രം ഉന്നയിക്കാമെന്ന് പറഞ്ഞ ജസ്‌റ്റിസ് അഭയ് എസ് ഓഖാ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വിടുതൽ ഹരജി അംഗീകരിക്കാനാവില്ലെന്ന് നിലപാട് എടുക്കുകയായിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് മെയ് പത്തിനാണ് ഡോ. വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്. നിലവിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും വീഴ്‌ച പറ്റിയ പോലീസുകാരെ സംരക്ഷിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി വന്ദനയുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു.
Most Read| മദ്യനയ അഴിമതി കേസ്; മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം