ന്യൂഡെൽഹി: മദ്യനയ അഴിമതി കേസിൽ ഡെൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം. സിബിഐ, ഇഡി കേസുകളിൽ ഉപാധികളോടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്‌റ്റിസ് ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.
ജാമ്യത്തിനായി സിസോദിയയെ വിചാരണ കോടതിയിലേക്ക് അയക്കുന്നത് നിയമവ്യവസ്‌ഥയെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. 17 മാസമായി ജയിലിൽ കഴിയുന്ന ഒരാളുടെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇത് വേഗത്തിൽ വിചാരണ നടത്തണമെന്ന പൗരന്റെ അവകാശം ലംഘിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
17 മാസത്തെ ജയിൽ വാസത്തിന് ഒടുവിലാണ് സിസോദിയ പുറത്തിറങ്ങുന്നത്. പത്ത് ലക്ഷം രൂപ കോടതിയിൽ കെട്ടിവെക്കണം. പാസ്‌പോർട്ട് സറണ്ടർ ചെയ്യണമെന്നും എല്ലാ തിങ്കളാഴ്‌ചയും പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്നും നിർദ്ദേശമുണ്ട്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമങ്ങൾ നടത്തരുതെന്നും നിർദ്ദേശിച്ചു. അഴിമതി നിരോധന നിയമപ്രകാരം 2023 ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് അതേവർഷം മാർച്ച് ഒമ്പതിന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അറസ്‌റ്റ് രേഖപ്പെടുത്തി.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ