കോഴിക്കോട്: സ്വർണക്കടത്ത് അന്വേഷണ മേധാവിയായ കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ കസ്റ്റഡിയിൽ. കസ്റ്റംസ് കമ്മീഷണറുടെ പരാതിയിൽ കൊണ്ടോട്ടി പോലീസാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഇരുവരും സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം മലപ്പുറം എടവണ്ണപ്പാറക്ക് അടുത്താണ് സംഭവം നടന്നത്. കസ്റ്റംസിന്റെ പ്രിവന്റീവ് യൂണിറ്റ് കൽപ്പറ്റയിൽ ഉൽഘാടനം ചെയ്ത് മടങ്ങുന്നതിനിടെ നാല് വാഹനങ്ങൾ പിന്തുടരുകയും കൊടുവള്ളിയിൽ വെച്ച് കമ്മീഷണറെ അപായപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇക്കാര്യം അദ്ദേഹം തന്നെയാണ് സമൂഹ മാദ്ധ്യമത്തിലൂടെ പുറത്ത് വിട്ടത്. തന്നെ അപായപ്പെടുത്താനുള്ള ശ്രമം ആസൂത്രിതം ആയിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
തന്റെ വാഹനത്തിന്റെ ഡ്രൈവർ വേഗത്തിൽ സ്ഥലത്ത് നിന്ന് പോയതിനാലാണ് രക്ഷപെട്ടതെന്നും അദ്ദേഹം പറയുന്നു. എറണാകുളം രജിസ്ട്രേഷനിലുള്ള വാഹനങ്ങളാണ് സുമിത് കുമാറിനെ പിന്തുടർന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ വാഹനങ്ങൾ ഒരാഴ്ച മുൻപ് നീലേശ്വരം, കൊടുവള്ളി സ്വദേശികൾ വാങ്ങിയതായും കസ്റ്റംസിന്റെ അന്വേഷണ സംഘം കണ്ടെത്തി.
ഇത്തരത്തിലുള്ള ആക്രമണങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്ര പ്രകടമായ ഒന്ന് ആദ്യമാണെന്ന് സുമിത് കുമാർ പറയുന്നു. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകൾ അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗം മേധാവിയാണ് സുമിത് കുമാർ.
Also Read: പ്രായപൂർത്തി ആയവരുടെ വിവാഹത്തിന് കുടുംബത്തിന്റെ അനുമതി വേണ്ട; സുപ്രീംകോടതി







































