ലണ്ടൻ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ആക്രമണ ശ്രമം. ലണ്ടനിൽ വെച്ചാണ് സംഭവം. ഖലിസ്‌ഥാൻ വാദികളാണ് ആക്രമിക്കാനെത്തിയതെന്നാണ് വിവരം. കാറിൽ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്ക് സംഘം പാഞ്ഞടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്‌ഥർ ഇടപെട്ട് ആക്രമണം തടഞ്ഞു.
ലണ്ടൻ പോലീസ് നോക്കിനിൽക്കേയാണ് സംഭവമെന്നാണ് ആക്ഷേപം. ജയശങ്കറിനെതിരെ പ്രതിഷേധവുമായി ഒട്ടേറെ ഖലിസ്‌ഥാനികളാണ് പതാകയേന്തി മുദ്രാവാക്യം വിളിച്ചു നിന്നിരുന്നത്. ജയശങ്കർ കാറിൽ കയറാൻ എത്തിയതോടെ, ഇന്ത്യയുടെ ദേശീയപതാക കീറി പ്രതിഷേധക്കാരിലൊരാൾ പാഞ്ഞുവന്നു. ആക്രമിക്കാൻ വന്നയാളെ കീഴ്‌പ്പെടുത്തുന്നതിന് പകരം ശാന്തനാക്കി തിരിച്ചയക്കാനാണ് പോലീസ് ശ്രമിച്ചത്.
ഏതാനും നിമിഷത്തിന് ശേഷം മാത്രമാണ് മന്ത്രിയുടെ വാഹനവ്യൂഹം മുന്നോട്ട് പോയത്. അതേസമയം, കേന്ദ്രമന്ത്രിക്ക് നേരെയുണ്ടായ ആക്രമണ ശ്രമത്തിൽ ഇന്ത്യ ആശങ്കയിലാണ്. ഖലിസ്‌ഥാൻ വാദികളുടെ പ്രതിഷേധത്തിന്റെയും ആക്രമണത്തിന്റെയും വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഇത്രയും ഗുരുതരമായ സാഹചര്യം ഉണ്ടായിട്ടും ലണ്ടൻ പോലീസ് നിസ്സംഗരായി നിന്നെന്നാണ് വിമർശനം ഉയരുന്നത്.
നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാർച്ച് നാലുമുതൽ ഒമ്പത് വരെ യുകെയിൽ ഔദ്യോഗിക പരിപാടികൾക്ക് എത്തിയതാണ് ജയശങ്കർ. യുകെയിൽ നിന്ന് അദ്ദേഹം അയർലണ്ടിലേക്ക് പോകും.
Most Read| റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണം, കർശനമായി തടയണം; ഹൈക്കോടതി