പയ്യന്നൂർ: കെട്ടിട കരാറുകാരൻ സുരേഷ് ബാബുവിനെ വെട്ടിയ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. കേസിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂല സ്വദേശി കൃഷ്‌ണദാസ് (20) ആണ് പരിയാരം പോലീസിന്റെ പിടിയിലായത്. പരിയാരം പാലയാട്ടെ രതീശന് ഏറ്റെടുത്ത ക്വട്ടേഷന്‍ നടപ്പിലാക്കാന്‍ നേരത്തെ അറസ്‌റ്റിലായ ജിഷ്‌ണു, അഭിലാഷ് എന്നിവരെ കൂട്ടിന് വിളിച്ചെങ്കിലും ഇവര്‍ക്ക് പദ്ധതി നടപ്പിലാക്കാൻ സാധിക്കാതെ വന്നതോടെയാണ് നീലേശ്വരത്തെ സുധീഷിനെ ബന്ധപ്പെടുന്നത്.
തുടര്‍ന്ന് സുധീഷിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അറസ്‌റ്റിലായ കൃഷ്‌ണദാസ്, അഖിൽ, ബാബു എന്നിവർ ഇത് ഏറ്റെടുക്കുകയായിരുന്നു. സുധീഷിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് സുരേഷ് ബാബുവിനെ വെട്ടിയതെന്നാണ് വിവരം. പ്രതികൾ ഉപയോഗിച്ച കാറും പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം ഇപ്പോൾ അഞ്ചായി.
പരിയാരം എസ്‌ഐ കെവി സതീശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കൃഷ്‌ണദാസിനെ അറസ്‌റ്റ് ചെയ്‌തത്. ഈ കേസിലെ മറ്റ് രണ്ട് പ്രതികൾ ഉടൻ വലയിലാകുമെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്‌ച പോലീസ് കസ്‌റ്റഡിയിൽ വാങ്ങിയ രതീശന്, ജിഷ്‌ണു, അഭിലാഷ് എന്നിവരെ തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. അറസ്‌റ്റിലായ കൃഷ്‌ണദാസ് റിമാൻഡിലാണ്.
Also Read: സംസ്‌ഥാനത്ത് അനാഥ മന്ദിരങ്ങളിൽ കഴിയുന്നവർക്ക് പെൻഷനില്ല; ധനകാര്യ വകുപ്പ്




































