കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൾ റഹ്‌മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി. ഒരാഴ്‌ച പ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടണം എന്നാണ് ആവശ്യം.
കഴിഞ്ഞ 23ആം തീയതി രാത്രി 10.30ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വച്ച് ഔഫിന് കുത്തേൽക്കുന്നത്. ബൈക്കിൽ പഴയ കടപ്പുറത്തേക്ക് വരികയായിരുന്ന അബ്‌ദുൾ റഹ്‌മാനെയും കൂടെയുണ്ടായിരുന്ന ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദും സംഘവും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഷുഹൈബ് സംഭവ സ്‌ഥലത്ത് നിന്ന് രക്ഷപെട്ടു. ഇദ്ദേഹമാണ് ഇർഷാദ് ഉൾപ്പടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞത്.
കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം പ്രതികളായ, യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി ഇർഷാദ്, എംഎസ്എഫ് മുനിസിപ്പൽ പ്രസിഡണ്ട് ഹസൻ, യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ എന്നിവരെ ലോക്കൽ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
എന്നാൽ കേസ് ക്രൈംബ്രാഞ്ചിന് വിട്ട സാഹചര്യത്തിൽ പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങുന്നതിനോ വിശദമായി ചോദ്യം ചെയ്യുന്നതിനോ ലോക്കൽ പോലീസ് തയ്യാറായിരുന്നില്ല. കോടതിയിൽ ഹാജരാക്കിയ മൂന്നു പേരും കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാന്റിലാണ്. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സംഘം മൂന്ന് പ്രതികളുടെയും കസ്‌റ്റഡി ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.
Malabar News: ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; 7 പേർക്ക് പരിക്ക്